കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ താരം സൂര്യയുടെ പിറന്നാൾ. പ്രിയതാരത്തിന്റെ ജന്മദിന ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ തുടങ്ങിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ രണ്ട് ആരാധകർ ഷോക്കേറ്റ് മരിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
അപകടത്തിൽ എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. പൽനാട് ജില്ലയിലെ നരസാരപ്പേട്ടിൽ ആയിരുന്നു സംഭവം. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ വെങ്കടേഷും സായിയും സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഫ്ലെക്സ് വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഫ്ലെക്സ് ഉയര്‍ത്തുന്നതിനിടെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽ തട്ടി. ഇതോടെ താഴെ നിന്നിരുന്ന വെങ്കടേഷിനും സായിക്കും ഷോക്കേറ്റു. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം.
Comments