ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളിൽ ഇനി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും. ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന യുദ്ധവിമാനങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച മിസൈലുകളടക്കം ഘടിപ്പിക്കാനാണ് വ്യോമസേന ഫ്രാൻസിലെ ദസോ കമ്പനിയോട് നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശിയമായി വികസിപ്പിച്ച ആസ്ത്ര, ആന്റി എയർ ഫീൽഡ് മിസൈലുകളടക്കം സജ്ജീകരിച്ച് കൂടുതൽ കരുത്തൊടെയാകും റഫാൽ വ്യോമസേനയുടെ ഭാഗമാകുക.
2020 ലാണ് ഇന്ത്യ റഫാൽ വിമാനങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്കും ഫ്രാൻസിനും പുറമേ ഖത്തർ, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങൾ റഫാൽ ഉപയോഗിക്കുന്നുണ്ട്. റഫാലിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമുള്ള മിസൈലുകളും ബോംബുകളും എത്തുന്നതൊടെ അന്താരാഷ്ട്ര ആയുധ വിപണിയിൽ ഇന്ത്യൻ നിർമ്മിത മിസൈലുകൾക്കും ആയുധങ്ങൾക്കും സ്വീകാര്യത വർദ്ധിക്കും. നിലവിൽ റഷ്യൻ നിർമ്മിത യുദ്ധവിമാനമായ സുഖോയിൽ ഇന്ത്യൻ മിസൈലുകളടക്കം ഘടിപ്പിക്കുന്നുണ്ട്.
അത്യുഗ്ര പ്രഹരശേഷിയുള്ള ആസ്ത്ര മിസൈൽ വിമാനത്തിൽ നിന്നാണ് തൊടുത്തുവിടുന്നത്. 160 കിലോമീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനങ്ങൾ ഭേദിക്കാൻ ഇവയ്ക്ക് നിഷ്പ്രയാസം സാധിക്കും.പ്രതിരോധ ഗവേഷണകേന്ദ്രമായ ഡിആർഡിഒ വികസപ്പിച്ച ആസ്ത്ര ഇന്ത്യയുടെ കരുത്തുറ്റ മിസൈലുകളിൽ ഒന്നാണ്. നിലവിൽ ആസ്ത്ര- 2 ന്റെ പണിപ്പുരയിലാണ് ഡിആർഡിഒ. മുന്നൂറ് കിലോമീറ്റർ വരെ ദൂരയുളള ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ ആസ്ത്ര- 2ന് സാധിക്കും.
Comments