ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ആർഎസ്എസിനെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ നിയമനടപടിയുമായി ആർഎസ്എസ്. സംഘടനയ്‌ക്കെതിരെ അപകീർത്തികരമായ പരമാർശം നടത്തിയെന്നും പ്രായപൂർത്തിയാകാത്ത ബാലന്റെ ചിത്രം ദുരുപയോഗം ചെയ്തത് ബാലാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് കേസ് നൽകിയിരിക്കുന്നത്. തന്റെയും മകന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ രീതിയിൽ
പങ്കുവെച്ചതിനെതിരെ ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് രംഗത്ത് വന്നിരുന്നു. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മണിപ്പൂർ ഡിജിപിയ്‌ക്ക് അദ്ദേഹം പരാതിയും നൽകി. ഇതിന് പിന്നാലെയാണ് ആർഎസ്എസ് നേരിട്ട് സുഭാഷിണി അലിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുഭാഷിണി ചിദാനന്ദ സിംഗിന്റെയും മകന്റെയും ആർഎസ്എസ് ഗണവേഷത്തിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ചിദാനന്ദ സിംഗ് പരാതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ട്വിറ്ററിൽ മാപ്പപേക്ഷയുമായി സുഭാഷി അലി രംഗത്തുവന്നു. തനിക്ക് തെറ്റുപറ്റിയതാണെന്നും അതിൽ മാപ്പുപറയുന്നതായും അവർ ട്വീറ്റ് ചെയ്തു. തെറ്റായി പ്രചരിപ്പിച്ച ട്വീറ്റ് മെൻഷൻ ചെയ്തുകൊണ്ടായിരുന്നു അവരുടെ മാപ്പപേക്ഷ. സംഭവം കേസായതിന് പിന്നാലെ സുഭാഷിണിയുടെ വിവാദ ട്വീറ്റ് പങ്കുവെച്ചവർ അവയെല്ലാം പിൻവലിച്ചിരിക്കുകയാണ്.
സിപിഎം നേതാവിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. രാഷ്‌ട്രീയം ലക്ഷ്യത്തിനായി ഒരു ബാലന്റെ ചിത്രം തെറ്റായി നൽകിയത് ക്ഷമിക്കാൻ സാധിക്കുന്ന കുറ്റമല്ലെന്നാണ് ഉയരുന്ന പൊതു അഭിപ്രായം.
Comments