ന്യൂഡൽഹി: ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം മാത്രമാകുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ (ഐബിഎ) വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമായി (യുഎഫ്ബിയു) ജൂലൈ 28ന് നടത്തുന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.
പ്രതിവാര അവധി രണ്ട് ദിവസമാക്കുന്നത് കൂടാതെ, ജീവനക്കാരുടെ ശമ്പള വർധനവും വിരമിച്ചവർക്കുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പോളിസിയും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ദിവസേന 40 മിനിറ്റ് അധികം ജോലി ചെയ്യണമെന്നും കരട് നിർദേശത്തിൽ പരാമർശിക്കുന്നുണ്ട്. ഇതുപ്രകാരം രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പുതിയ പ്രവൃത്തി സമയം.
2021ൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആയിരുന്നു ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കി ചുരുക്കണമെന്ന നിർദേശം നടപ്പിലാക്കിയത്. ഇതിന് പിന്നാലെ സമാന ആവശ്യവുമായി ബാങ്ക് ജീവനക്കാരെത്തുകയായിരുന്നു. അതേസമയം ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ച് ആക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിലവിൽ എല്ലാ ഞായറാഴ്ചകളിലും, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലുമാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ഇതിനോടൊപ്പം ആഘോഷദിവസങ്ങളിലും അവധിയാണ്. ആർബിഐ തയ്യാറാക്കുന്ന അവധി ദിനങ്ങളുടെ പട്ടിക എല്ലാ ബാങ്ക് ജീവനക്കാർക്കും ബാധകമാണ്.
















Comments