ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ നടത്തിയത്. നിരാശപ്പെടുത്തിയ ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിന് ശേഷം രണ്ടാം ഇന്നിംഗ്‌സിൽ 34 പന്തിൽ നിന്ന് 52 റൺസാണ് ഇഷാൻ നേടിയത്. നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിഷന്റെ ആദ്യ അർദ്ധ സെഞ്ച്വറിയാണിത്. സിക്സോടെ കിഷൻ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നിംഗ്സ് ഡിക്ലർ ചെയ്യുകയും ചെയ്തു.
പരിക്കിനെ തുടർന്ന് റിഷഭ് പന്ത് ടീമിൽ നിന്ന് പുറത്തായപ്പോഴാണ് കിഷൻ ടീമിലെത്തിയത്. നാലാം ദിവസം അവസാനിച്ചതിന് ശേഷം കിഷൻ റിഷഭിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ”വെസ്റ്റ് ഇൻഡീസിലേക്ക് വരുന്നതിന് മുമ്പ് ഞാൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. റിഷഭ് പന്തും അവിടെയുണ്ടായിരുന്നു.ഞാൻ കളിക്കുന്നതെങ്ങനെയെന്ന് റിഷഭിന്് നന്നായി അറിയാം. ഞങ്ങൾ തമ്മിൽ അണ്ടർ 19 കളിക്കുന്നത് മുതലുള്ള പരിചയമാണ്. അക്കാദമിയിൽ ആരെങ്കിലും എനിക്ക് ആവശ്യമായ നിർദേശങ്ങൾ തന്നിരുന്നെങ്കിൽ എന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് നിർദ്ദേശങ്ങൾ തരാൻ പന്ത് അവിടെയുണ്ടായിരുന്നു. ഞാൻ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് പന്ത് സംസാരിച്ചു.” കിഷൻ പറഞ്ഞു. മത്സരത്തിൽ ആർപി -17 എന്നെഴുതിയ ബാറ്റുകൊണ്ടാണ് കിഷൻ കളത്തിലിറങ്ങിയതും സെഞ്ച്വറി നേടിയതും.
അതേസമയം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിൻഡീസിന് ജയിക്കാൻ വേണ്ടത് 289 റൺസ്. വിൻഡീസിന് നഷ്ടമായ രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് 181 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. കിഷന് പുറമെ രോഹിത് ശർമയും അർധ സെഞ്ച്വറിയുമായി തിളങ്ങി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 183 റൺസിന്റെ ലീഡെടുത്തിരുന്നു. 364 റൺസിന്റെ ലീഡാണ് ഇന്ത്യക്കുളളത്.
Comments