തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്ക് ഇനി നേരത്തെ അറിയാം.ഓരോ വിദ്യാർത്ഥിയ്‌ക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം തന്നെ ഇനി മുതൽ പ്രൊഫൈലിൽ ലഭ്യമാകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടെ വരാത്തവർക്കും പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ സാധിക്കും.
നിലവിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാണ് മാർക്ക് അറിയുവാൻ സാധിക്കുന്നത്. ചില ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് വളരെയധികം കാലതാമസവും എടുക്കാറുണ്ട്. ഇനി മുതൽ ഇത്രയും നാൾ കാത്തിരിക്കേണ്ടതായ സാഹചര്യം ഒഴിവാകും. ഇന്നലെ ചേർന്ന പിഎസ്‌സി യോഗമാണ് അന്തിമ തീരുമാനം എടുത്തത്.
സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്കായിരിക്കും പ്രൊഫൈലിൽ ലഭ്യമാകുന്നത്. വെബ്‌സൈറ്റിൽ ലഭ്യമാകുന്ന സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിലുമുള്ള ഫാക്ടർ പരിശോധിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യഥാർത്ഥ മാർക്ക് മനസിലാക്കാൻ സാധിക്കും. ഏപ്രിൽ, മെയ് എന്നീ മാസങ്ങളിൽ നടന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്ക് ലഭ്യമാകും. ഈ മാസം 27 മുതൽ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് തീരുമാനം.
Comments