ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എസ്പി- ബിഎസ്പി സഖ്യം 2019ൽ വരാണാസിയിൽ നിർത്തിയ സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു. സമാജ്‌വാദി പാർട്ടി നേതാവ് ശാലിനി യാദവാണ് കഴിഞ്ഞ ദിവസം അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ ലക്‌നൗവിലെ സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി ശാലിനിയെ അംഗത്വം നൽകി സ്വീകരിച്ചു.
സമാജ്‌വാദി പാർട്ടി പ്രവർത്തകരുടെ വാക്കിന് വില നൽകുന്നില്ലെന്നും അതാണ് കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് കാരണമെന്നും ശാലിനി കുറ്റപ്പെടുത്തി. എസ്പിയിലെ പ്രവർത്തകർ അസംതൃപ്തരാണ്. സാമൂഹ്യ സേവനമാണ് താൻ രാഷ്‌ട്രീയ പ്രവർത്തനംകൊണ്ട് ലക്ഷ്യമിടുന്നത്, അതാണ് ബിജെപിയിൽ എത്താനുള്ള കാരണമെന്നും അംഗത്വം സ്വീകരിച്ച ശേഷം അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശാലിനി യാദവ് പാർട്ടി വിട്ടത് സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും വൻ തിരിച്ചടിയായിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ ഡെപ്യൂട്ടി ചെയർമാനുമായിരുന്ന ശ്യാംലാൽ യാദവിന്റെ മരുമകളാണ് ശാലിനി യാദവ്.
2019 ൽ വരാണാസിയിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിച്ച ശാലിനി യാദവിന് 1,95,159 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദി 6,74,664 വോട്ടുകൾ സ്വന്തമാക്കി. 4,79,505 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ് പ്രധാനമന്ത്രിക്ക് വാരണാസിയിലെ ജനങ്ങൾ അന്ന് സമ്മാനിച്ചത്.
Comments