തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ദിവ്യ ഉണ്ണി. മികച്ച അഭിനേത്രി എന്നതുപോലെ തന്നെ നർത്തകി കൂടിയാണ് താരം. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം മലയാളികൾക്കെന്നും പ്രിയങ്കരിയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ താരത്തിനോട് ചോദിക്കാറുള്ളതും സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ദിവ്യ ഉണ്ണിയ്‌ക്ക് കഴിഞ്ഞിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച താരം വിവാഹശേഷമായിരുന്നു സിനിമജീവിതത്തിൽ നിന്നും ഇടവേളയെടുത്തത്.
ഇപ്പോഴിതാ ദിവ്യ ഉണ്ണിയുടെ പുതിയ അഭിമുഖമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ വിശേഷങ്ങളെക്കുറിച്ച് സംസാരിച്ച താരം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നവരെക്കുറിച്ചും തുറന്നു പറഞ്ഞു. അന്ന് കൂടെ നിന്നവരെയും അവർ പകർന്നു നൽകിയ ധൈര്യവും ഒരിക്കലും മറക്കില്ലെന്ന് താരം പറയുന്നു. താരജാഡകളില്ലാത്ത മലയാളികളുടെ ഇഷ്ടതാരം സുരേഷ് ഗോപിയെക്കുറിച്ചാണ് ദിവ്യ ഉണ്ണി സംസാരിച്ചു തുടങ്ങിയത്. ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ. കുടുംബവുമായും നല്ല ബന്ധമുണ്ട്. സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തും ഇപ്പോഴുമെല്ലാം ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ….
‘അച്ഛൻ മരിച്ച സമയത്ത് സുരേഷേട്ടൻ ചെയ്ത സഹായം മറക്കാൻ കഴിയില്ല. കോവിഡ് സമയത്തായിരുന്നു അച്ഛന്റെ മരണം. ഞങ്ങൾ അപ്പോൾ വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്. സുഖമില്ല എന്ന് പറഞ്ഞ് ആദ്യം വിളിച്ചപ്പോൾ തന്നെ സുരേഷേട്ടൻ കാര്യങ്ങൾ ഫോളോഅപ് ചെയ്യുന്നുണ്ടായിരുന്നു.
രാധിക ചേച്ചിയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മരണ വിവരം സ്ഥിരീകരിച്ച് മെസേജ് വന്നപ്പോൾ വേണ്ട നടപടികൾ എല്ലാം പൂർത്തിയാക്കി പിറ്റേന്ന് തന്നെ ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തു തന്നു.’
ആ സമയത്ത് ദിലീപേട്ടനൊക്കെ വലിയ ആശ്വാസമായിരുന്നു. കാണാനായി വന്നപ്പോൾ അച്ഛനെ കുറിച്ചുള്ള നല്ല ഓർമകളൊക്കെ അദ്ദേഹം പങ്കുവച്ചു. ആ ഒരു വിഷമഘട്ടത്തിൽ അത് വലിയൊരു ആശ്വാസമായിരുന്നു. ആ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല. എന്നെ ഇന്ന് ലോകം അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാക്കിയത് അച്ഛനാണ്. കലോത്സവത്തിൽ എനിക്ക് സമ്മാനം കിട്ടുമ്പോഴെല്ലാം അത് വാർത്തകളാക്കാനും ഓരോ പരിപാടിയിലും എന്നെ കൊണ്ടു പോകാനും എല്ലാം അച്ഛനായിരുന്നു ഏറ്റവും ഉത്സാഹം കാണിച്ചിരുന്നത്.
Comments