ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയന്റെ മകൻ ആരോമൽ വിജയൻ ഇനി കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനൊപ്പം പ്രവർത്തിക്കും. കൊൽക്കത്തൻ ടീമിന്റെ പെർഫോമൻസ് അനലിസ്റ്റായാണ് ആരോമൽ ടീമിനൊപ്പം ചേർന്നിരിക്കുന്നത്. താരങ്ങളുടെ പ്രകടനവും മറ്റും മത്സരങ്ങളിൽ സുക്ഷ്മമായി വിലയിരുത്തി അവരെയും പരിശീലന സംഘത്തെയും സഹായിക്കുകയെന്നതാണ് പെർഫോമൻസ് അനലിസ്റ്റ് എന്ന നിലയിൽ ആരോമലിന്റെ ജോലി.
ആരോമലിന്റെ ആദ്യ ഐഎസ്എൽ ക്ലബാണ് ഈസ്റ്റ് ബംഗാൾ. ആരോമലിന്റെ നിയമനം ഈസ്റ്റ് ബംഗാൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് അറിയിച്ചത്. ആരോമലിനൊപ്പം ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ ആയി തേജസ് ലാസാൽകർ, മസാജർമാരായി ആയി രാജേഷ് ബസാക്, റോബിൻ ദാസ് എന്നിവരെയും ഈസ്റ്റ് ബംഗാൾ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ ലീഗിലെ കേരള ടീമായ ഗോകുലം കേരളയിൽ വിഡീയോ അനലിസ്റ്റ് ആയാണ് ആരോമൽ പ്രവർത്തിച്ചത്. ഗോകുലത്തിനൊപ്പമുള്ള ആരോമലിന്റെ പ്രവർത്തനം കണ്ട് താത്പര്യപ്പെട്ടാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.
Comments