ന്യൂഡൽഹി: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അന്തിമ അനുമതി പുറത്തിറക്കിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് രാവിലെ കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് വന്ദേഭാരതിന് റെയിൽവെ മന്ത്രാലയം അനുമതി നൽകിയത്. പുതിയ ട്രെയിന്റെ റൂട്ട്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗോഫ് ചെയ്തത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്. തിരുവന്തപുരം- കാസർകോട് റൂട്ടിലാണ് നിലവിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്.
Comments