തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ ഇസ്ലാമിക മതമൗലികവാദികളും സിപിഎം ഉൾപ്പെടെയുള്ളവരും കൈക്കൊണ്ട ഇരട്ടത്താപ്പിനെ ചൂണ്ടിക്കാണിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും ജനം ടിവി പ്രോഗ്രാം ഹെഡുമായ അനിൽ നമ്പ്യാർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ്. ഇൻഡ്യാവിരുദ്ധർ കാലാകാലങ്ങളിൽ ഓരോ സമരങ്ങൾക്കും ഉപയോഗിക്കുന്ന ഹാഷ് ടാഗ് ക്യാംപെയ്‌നെ കളിയാക്കിക്കൊണ്ട് അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിച്ചു വ്യാപകമായ ദുഷ്പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി അനിൽ നമ്പ്യാരുടെ കുടുംബാംഗങ്ങളെ പോലും ആഭാസകരമായി പരാമർശിക്കുന്ന പ്രവണത ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മുകാരും അടങ്ങുന്ന സൈബർ ഗുണ്ടകളുടെ ഭാഗത്തു നിന്നും ഉണ്ടായി. സിപിഎമ്മിനെതിരെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിന്റെ വൈരാഗ്യം തീർക്കാൻ ഈ അവസരം അവർ ഉപയോഗിക്കുകയായിരുന്നു. എന്നാലിപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി വന്നിരിക്കുകയാണ് അനിൽ നമ്പ്യാർ. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എതിരാളികളുടെ ദുഷ്പ്രചാരണങ്ങളെ അനിൽ നമ്പ്യാർ തുറന്നു കാട്ടുന്നത്.
അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം:
മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോരകുടിയ്‌ക്കുന്ന ചെന്നായ്‌ക്കളുടെ കഥ എല്ലാവര്ക്കും അറിയാം ; വർത്തമാന കേരളത്തിൽ അഭിനവ ചെന്നായ്‌ക്കളുടെ എണ്ണം കൂടി വരികയാണ്. തക്കം പാർത്തിരുന്നു തമ്മിലടിപ്പിക്കുന്നവർ, ഇതുപോലെ തന്നെയാണ് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരും. ഈ രണ്ടു കൂട്ടരും കേരളത്തിൽ ഉള്ളതൊന്നും കാണുന്നില്ല. പതിവു പോലെ വടക്കു നോക്കി വാളെടുക്കുന്നവർ ഇക്കുറി മണിപ്പൂരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണ്. മണിപ്പൂരിൽ കുക്കികളും മെയ്തികളും തമ്മിലുള്ള തികച്ചും വംശീയമായ സംഘർഷത്തെ ഹിന്ദു ക്രിസ്ത്യൻ ലഹളയായി ചിത്രീകരിച്ച് കേരളത്തിൽ എങ്ങിനെ രാഷ്‌ട്രീയമായി മുതലെടുക്കാമെന്ന ഗവേഷണം നടത്തുകയാണിവർ.കമ്മികളും സുഡാപ്പികളും ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യാനികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി മണിപ്പൂർ ഇവിടെ ആവർത്തിക്കുമെന്ന് ആശങ്കയുടെ വിത്ത് വിതക്കുകയാണ്.
ഭീതിയുടെയും വെറുപ്പിന്റെയും വ്യാപാരികളായ ഇവർ നടത്തുന്ന മുതലെടുപ്പ് രാഷ്‌ട്രീയംതുറന്നു കാട്ടുക എന്ന ഉദ്ദേശത്തോടെ ഇവരുടെ “സേവ് മണിപ്പൂർ” എന്ന പൊളിറ്റിക്കൽ ക്യാംപെയ്‌നെ കളിയാക്കി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഫേസ്‌ബുക്കിൽ നേരത്തെ ലക്ഷദ്വീപിലെ രക്ഷിക്കാനും ഇക്കൂട്ടർ തെരുവിൽ ഇറങ്ങിയിരുന്നല്ലോ?പക്ഷെ ഞാനിട്ട പോസ്റ്റിനെ ഡിസ്റ്റോർട്ട് ചെയ്തും വക്രീകരിച്ചും ഈ കാളകൂടങ്ങൾ ഞാൻ മണിപ്പൂർ ജനതക്ക് എതിരാണെന്ന രീതിയിൽ കൊണ്ടെത്തിച്ചു. ഫേസ്‌ബുക്ക് പബ്ലിക്ക് ടോയ്‌ലറ്റായി കാണുന്നവർ എന്നെയും കടുംബത്തെയും വലിച്ചു കീറി അർമ്മാദിച്ചു. ഞാൺ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടും അത്യന്തം നീചമായും നിന്ദ്യമായും ഇവർ സൈബർ അക്രമം തുടർന്നു.പിന്നീട് ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു.അപ്പോഴേക്കും സ്‌ക്രീൻ ഷോട്ടുകൾ പാറിപ്പറന്നു.
മണിപ്പൂരിനെ മറയാക്കി ഈ വോട്ടു ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നവരുടെ മുഖം മൂടി വലിച്ചു കീറാൻ തീർത്തും സദുദ്ദേശപരമായി ഇട്ട പോസ്റ്റാണ് ഈ ശവം തീനികൾ ആഘോഷിച്ചത്. മണിപ്പൂരിൽ എന്നല്ല അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകൾ ലോകത്ത് ഒരിടത്തും ഉണ്ടാകരുത്. എന്നെ ക്രൂശിച്ചവർ കേരളത്തിലെ സ്ത്രീകൾ പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട സ്ത്രീകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങൾ കാണുന്നില്ലേ.?
മണിപ്പൂരിൽ തലകുനിക്കുന്നവർ കേരളത്തിൽ തലകുമ്പിടാത്തത് എന്ത് കൊണ്ടാണ് .?
കേരളത്തിലെ സ്ത്രീകൾ ഇക്കൂട്ടർ കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യവും സമത്വവും അനുഭവിക്കുന്നുണ്ടോ.?ഇതൊക്കെ അറിയാമെന്നിട്ടും മണിപ്പൂരിലെ സ്ത്രീകളെ ഓർത്തു മാത്രം വിലപിക്കുന്നതിൽ ഒരു അജണ്ടയുണ്ട്. അത് കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കലും വർഗീയ വിദ്വേഷം പ്രചരിപ്പിക്കലുമാണ്. മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് നടത്തിയ പ്രകടനത്തിൽ ഹിന്ദുക്കളെ ക്ഷേത്രങ്ങൾക്ക് മുൻപിൽ പച്ചക്ക് കത്തിക്കും എന്നല്ലേ മുദ്രാവാക്യം വിളിച്ചത്.എനിക്കെതിരെ സൈബർ ആക്രമണം നടത്തിയവരിൽ ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ച് ഒരു പോസ്റ്റ് ഇട്ടോ? മണിപ്പൂരിൽ രണ്ടു സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തിയതിൽ ഉറഞ്ഞു തുള്ളിയവർ എന്റെ വീട്ടിലെ സ്ത്രീകളെ പരസ്യമായി അപമാനിച്ചപ്പോൾ ആരെങ്കിലും പ്രതികരിച്ചോ. “കവിത കട്ട ടീച്ചറും” ബ്രണ്ണൻ കോളേജിൽ എന്റെ സഹപാഠി ആയതിൽ വേദനിക്കുന്ന സുഹൃത്തും സ്ത്രീ ജന്മങ്ങൾ ആണല്ലോ, എന്റെ വീട്ടിലെ സ്ത്രീകളെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കണ്ടിട്ടും അവരുടെ ഒന്നും ഉള്ളുലഞ്ഞില്ലല്ലോ?. മണിപ്പൂരിലെ സ്ത്രീകളുടെ കണ്ണീരു മാത്രമേ നിങ്ങളിൽ മനസ്താപമുണ്ടാക്കൂ എന്നുണ്ടോ?.
നിങ്ങളുടെ ഒക്കെ കാപട്യം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് കൂടെ നടനാണവർ പോലും നിങ്ങളെ കല്ലെറിയും.എന്തായാലും മണിപ്പൂർ വിറ്റ് നിങ്ങളൊക്കെ പത്തു കാശുണ്ടാക്കുമോ എന്ന് കാണട്ടെ. കള്ളപ്രചാരണം വഴി എന്നെപോലുള്ളവരുടെ വായടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.പറയേണ്ടത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.
അനിൽ നമ്പ്യാർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
Comments