ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് അനുമതി ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും നന്ദിയറിയിച്ച് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. റാങ്കിംഗിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്താണ് പുരുഷ-വനിതാ ഫുട്‌ബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ഇളവ് നൽകിയതെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഇന്നലെ ട്വീറ്റ് ചെയ്തു. തായ്ലൻഡിൽ നടക്കാനിരിക്കുന്ന കിംഗ്സ് കപ്പിൽ ഏഷ്യൻ ഗെയിംസിനായി ഇറങ്ങുന്ന ടീം തന്നെയാകും മത്സരിക്കുകയെന്നും പരിശീലകൻ സ്റ്റിമാക് പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായിക മന്ത്രി അനുരാഗ് ഠാക്കൂറിനും എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനോടും പ്രത്യേകിച്ച് പ്രസിഡന്റ് കല്യാൺ ചൗബെയ്‌ക്കും നന്ദി, ഏഷ്യൻ ഗെയിംസിനായി അവർ നടത്തിയ വലിയ പരിശ്രമങ്ങൾക്ക് നന്ദി പറയാൻ മറക്കരുത്. അനുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്, കാരണം ഞങ്ങൾക്ക് പിന്നിൽ ഈ രൗജ്യത്തെ ഒട്ടനവധി ജനങ്ങളുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസിന് അയക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സന്ദേശങ്ങളും ഇമെയിലുകളും അയയ്‌ക്കുകയും രാജ്യത്തെ ഫുട്ബോൾ സംസ്‌കാരത്തെ പിന്തുണക്കുകയും ചെയ്തു. അതിനാൽ, ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട നിമിഷമാണ്, മാത്രമല്ല ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ഒരു വലിയ വേദിയിൽ കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരവുമാണിത്. -ഇഗോർ സ്റ്റിമാക് പറഞ്ഞു.
”ഇത് തീർച്ചയായും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമാണെന്നും ഇന്ത്യയിൽ കായികരംഗ മേഖലയെ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. 19-ാമത് ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ഫുട്ബോളിനെ അയക്കുന്നതിനും പ്രത്യേക പരിഗണന നൽകുന്നതിനും കേന്ദ്ര സർക്കാരിനും കായിക യുവജനകാര്യ മന്ത്രാലയത്തിനും ഞങ്ങൾ നന്ദി പറയുന്നു.ഇന്ത്യൻ ഫുട്‌ബോൾ ഉയർച്ചയുടെ പാതയിലാണ്, ഈ പ്രചോദനം വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും ഞങ്ങളുടെ കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ പ്രതിനിധീകരിക്കുന്നത് എന്റെ ബഹുമതിയാണ് ‘എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു,
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്ത്യൻ പുരുഷ ടീം നായകൻ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസിലേക്ക് അയക്കും. ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ കീഴിലുള്ള ദേശീയ ടീം, ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പും നേടി ഫിഫ റാങ്കിംഗിൽ 99-ാമതെത്തിയിരുന്നു.
















Comments