ശ്രീനഗർ : 30 വര്‍ഷത്തിന് ശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്രക്ക് അനുമതി. ഗുരു ബസാര്‍ മുതല്‍ ശ്രീനഗറിലെ ദാല്‍ഗേറ്റ് വരെയുള്ള പരമ്പരാഗത പാതയിലാണ് ഘോഷയാത്രക്ക് അനുമതി നല്‍കിയത്. ഷിയ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഘോഷയാത്രക്ക് അനുമതി നല്‍കിയതെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായിട്ടും 1989 മുതൽ മുഹറം ഘോഷയാത്രകൾ നടത്താൻ ഷിയകൾക്ക് കഴിഞ്ഞിരുന്നില്ല. ജമ്മു കശ്മീർ പുനഃസംഘടിപ്പിച്ച്, ആർട്ടിക്കിൾ 370 റദ്ദാക്കി, തീവ്രവാദത്തിന്റെ നട്ടെല്ല് തകർത്തുകൊണ്ട് മോദി സർക്കാർ ഈ കേന്ദ്രഭരണ പ്രദേശത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയതോടെയാണ് തങ്ങൾക്ക് മുഹറം ആഘോഷിക്കാൻ കഴിഞ്ഞതെന്ന് ഷിയാ വിശ്വാസികൾ പറയുന്നു. ഇപ്പോൾ എല്ലാ വിഭാഗവും ഭയരഹിതരായാണ് ജീവിക്കുന്നത് .
നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നല്‍കിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാന്‍ കാരണമെന്ന് കശ്മീരിലെ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് കുമാര്‍ ബിധുരി പറഞ്ഞു . ഇത്തവണ അനുമതി നൽകുമ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയിരുന്നു.
പ്രവൃത്തി ദിവസങ്ങളിൽ മറ്റ് ആളുകളുടെ സൗകര്യം കണക്കിലെടുത്താണ്, രാവിലെ 6 മുതൽ 8 വരെ ഘോഷയാത്രയ്‌ക്ക് 2 മണിക്കൂർ സമയം നിശ്ചയിച്ചത്. ഈ ഘോഷയാത്രയ്‌ക്കുള്ള അനുമതിയെ ഭരണത്തിന്റെ ചരിത്രപരമായ ചുവടുവയ്പെന്നാണ് ബിധുരി വിശേഷിപ്പിച്ചത് . ഈ ഘോഷയാത്രയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വൈറൽ വീഡിയോയിൽ, നൂറുകണക്കിന് പേർ ഷഹീദ് ഗഞ്ചിൽ നിന്ന് ദൽഗേറ്റിലേക്കുള്ള റോഡിൽ പോകുന്നു. അവരുടെ കയ്യിൽ മതപതാകയുണ്ട്. സുരക്ഷാ സേനാംഗങ്ങളെയും , ബുർഖ ധരിച്ച ചില സ്ത്രീകളെയും ഘോഷയാത്രയിൽ കാണാം. ഭരണകൂടം നിശ്ചയിച്ച സമയത്ത് ജാഥ സമാധാനപരമായി അവസാനിച്ചു.
1989-ൽ ചില ഭീകരർ മുഹറം ഘോഷയാത്രയിൽ പ്രവേശിച്ച് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു . മുദ്രാവാക്യം വിളിച്ചവരിൽ യാസിൻ മാലിക്, ജാവേദ് മിർ, ഹമീദ് ഷെയ്ഖ് എന്നിവരുടെ പേരുകൾ ഉയർന്നു വന്നു. തുടർന്ന് അന്നത്തെ ഗവർണർ ജഗ്മോഹൻ ഷഹീദ്ഗഞ്ചിൽ നിന്ന് ദൽഗേറ്റിലേക്കുള്ള ജാഥ നിരോധിച്ച് ഉത്തരവിറക്കി. അന്നുമുതൽ ഈ നിരോധനം നിലവിലുണ്ടായിരുന്നു .
















Comments