ദുബായ്: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിൽ ഒന്നായ ഹപാഗ് ലോയ്ഡ്‌സ് ബർലിൻ എക്‌സ്പ്രസ് കന്നിയാത്രയുടെ ഭാഗമായി ദുബായിലെത്തി. ദുബായിലെ ജബൽ അലി തുറമുഖത്തെത്തിയ കപ്പലിന് ഗംഭീര സ്വീകരണം നൽകി. 23,600 കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയാണ് കപ്പലിനുള്ളത്.
സാധാരണ വലിയ കപ്പലുകൾക്ക് 18,000 കണ്ടെയ്‌നറുകളുടെ ശേഷിയും വളരെ അപൂർവം കണ്ടെയ്‌നർ കപ്പലുകൾക്ക് 21,000 കണ്ടെയ്‌നറുകളുടെ ശേഷിയുമുണ്ട്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ശേഷിയുണ്ടെന്നതാണ് ബർലിൻ എക്‌സ്പ്രസിന്റെ സവിശേഷത. പരമ്പരാഗത സമുദ്ര ഇന്ധനത്തേക്കാൾ കുറഞ്ഞ കാർബൺ പുറന്തള്ളൽ നിരക്കുള്ള എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്ന കപ്പൽ പരിസ്ഥിതി സൗഹൃദമാണ്.
കപ്പലിന്റെ വരവ് ജബൽ അലി തുറമുഖത്തെ സംബന്ധിച്ച് സുപ്രധാനമായ നാഴികക്കല്ലാണെന്ന് അധികൃതർ പറഞ്ഞു. ഇതിലൂടെ ലോകവ്യാപാര രംഗത്ത് തുറമുഖത്തിന്റെ സ്ഥാനം ഉയർത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ 180 കപ്പൽ പാതകളുമായി ജബൽ അലി തുറമുഖത്തിന് ബന്ധമുണ്ട്. പരമ്പരാഗത സമുദ്രഗതാഗത ഇന്ധനത്തിലും എൽ.എൻ.ജിയിലും പ്രവർത്തിക്കുന്നതാണ് കപ്പൽ.














Comments