എറണാകുളം; കുടിച്ച് കുടിച്ച് സർക്കാർ ഖജനാവ് നിറയ്‌ക്കാൻ മത്സരിച്ച് കേരളീയർ. ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്‌കോ കണക്കുപ്രകാരം രണ്ട് വർഷത്തിനിനിടെ മലയാളികൾ പ്രതിദിനം കുടിച്ചുതീർക്കുന്ന മദ്യത്തിൽ ഒരു ലക്ഷം ലിറ്ററിന്റെ വർദ്ധനവുണ്ടായെന്ന് വ്യക്തമാവുന്നു. പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിലാണ് മലയാളിയുടെ ഈ മദ്യപാന കണക്കുകൾ ലഭ്യമായത്. അതേസമയം 2022 സെപ്തംബർ വരെ വിമുക്തി പദ്ധതിക്കായി സർക്കാർ ചെലവിട്ടതാകട്ടെ വെറും 44-കോടി രൂപയാണ്.
പ്രതിദിനം 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റർ മദ്യമാണ് മലയാളികൾ അകത്താക്കുന്നത്. 2021ൽ ബെവ്കോ നൽകിയ കണക്കുപ്രകാരം പ്രതിദിന വിൽപ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കിൽ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വിൽപ്പന പ്രതിദിനം ആറുലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ മലയാളികൾ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യം, 41,68,60,913 ലിറ്റർ. 2021 മേയ് മുതൽ 2023 മേയ് വരെയുള്ള കണക്കാണിത്. 3051കോടി വിലവരുന്ന 16,67,23,621 ലിറ്റർ ബിയറും വൈനും ഈ കാലയളവിൽ വിറ്റുപോയി. പ്രതിദിനം കുടിച്ചുതീർക്കുന്നത് 4.36 കോടി വിലവരുന്ന 2,38,189 ലിറ്റർ ബിയറും വൈനും. സംസ്ഥാന സർക്കാരിന് ഈ കാലയളവിൽ നികുതി ഇനത്തിൽ മാത്രം ബെവ്കോ നൽകിയത് 24,539.72കോടി രൂപയാണ്. രാശരി രണ്ടുലക്ഷത്തിലധികം ലിറ്റർ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നു.
ബെവ്‌കോയുടെ ലാഭ, നഷ്ട കണക്കുകൾ ഇങ്ങനെ (തുക കോടിയിൽ) 2015-16-ലാഭം-42.55, 206-17-ലാഭം-85.46, 2017-18-ലാഭം-106.75, 2018-19-നഷ്ടം-41.95, 2020-21-ഓഡിറ്റ് പൂർത്തിയായിട്ടില്ല.2021-22 ഓഡിറ്റും നടക്കുന്നുണ്ട്. ഇത് കൂടി പൂർത്തിയാകുന്നതോടെ കണക്കുകൾ ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. 2015-16 മുതൽ 2018-19 വരെ ബിവറേജസ് കോർപ്പറേഷൻ ലാഭത്തിലായിരുന്നു. 2019-20ൽ നഷ്ടത്തിലായി, 2015-16ലെ 42.55 കോടിയുടെ ലാഭം 18-19 ആയപ്പോഴേക്ക് 113.13 ആയി ഉയർന്നു. 2019-20ൽ 41.95 കോടിയുടെ നഷ്ടത്തിലായിരുന്നു ബെവ്കോ എന്നുമാണ് മറുപടി.
















Comments