തിരുവനന്തപുരം: കേരളത്തിലെ ഭരണകൂടം തൊഴിലാളികൾക്കൊപ്പമാണെന്നത് തെറ്റിദ്ധാരണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമാണ് ഇന്ത്യ. ഈ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളവും. കേരളത്തിലെ ഇടതുപക്ഷ സർക്കാർ തൊഴിലാളി വർഗ്ഗ പാർട്ടിയാണെന്നത് മാദ്ധ്യമങ്ങൾ പടർത്തിയ തെറ്റിദ്ധാരണയാണ്. കേരളം നിലവിലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി ‘നവകേരള കാലത്തെ ഭരണനിർവഹണം’ എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എം.വി.ഗോവിന്ദന്റെ പരാമാർശം.സംസ്ഥാനം അഴിമതി വിമുക്തമാക്കാൻ സർക്കാരിന് കഴിയണമെന്നും ഭരണനിർവ്വഹണത്തിന് അഴിമതിക്കാരായ ഉദ്യോഗസ്ഥർ തടസ്സമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും അർത്ഥം വ്യത്യസ്തമാണ്. ഭരണവും ഭരണകൂടവും തമ്മിൽ വ്യത്യാസമുണ്ട്. എക്സിക്യുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, ഫോർത്ത് എസ്റ്റേറ്റ് ഈ നാലും അടങ്ങിയതാണ് ഇന്ത്യയിലെ ഭരണകൂടം. ഇതിൽ ലെജിസ്ലേച്ചറിലും ഭൂരിപക്ഷമാണ് സർക്കാർ. മറ്റ് മൂന്നിലും ആ അർത്ഥത്തിലുള്ള ഭൂരിപക്ഷമല്ല. ഭരണകൂട വ്യവസ്ഥയിലെ ലെജിസ്ലേറ്റീവ് അല്ലാത്ത മറ്റുമൂന്ന് വിഭാഗവും നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല. അതിന് പരമിതിയുണ്ട്. കേരളത്തിലെ പിണറായി സർക്കാരിന്റെ കാലഘട്ടം അഴിമതി രഹിതമാണ്. അഴിമതി നടത്തുന്ന ഒരുമന്ത്രിയോ, രാഷ്‌ട്രീയ അഴിമതിയോ ഈ ഭരണത്തിന്റെ ഭാഗമായിട്ടില്ല, അത് ഗ്യാരണ്ടിയാണെന്നും പാർട്ടി സെക്രട്ടറി അവകാശപ്പെട്ടു.
മന്ത്രിയായപ്പോൾ അളവിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് വീട് നിഷേധിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചപ്പോൾ മന്ത്രിക്ക് പറയുകയല്ലേ വേണ്ടൂ, ഞങ്ങളത് ചെയ്യില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ഭരണനിർവഹണത്തിന് ഭരണപരമായ പരിമിതികളുണ്ട്. പരിമിതികളുണ്ട്. ഇതിന് കാരണം ഉദ്യോഗസ്ഥരുടെ അഴിമതിയാണ്. അവർ വിചാരിച്ചില്ലെങ്കിൽ നടക്കില്ലെന്ന് ചില ഉദ്യോഗസ്ഥർ വിചാരിക്കുന്നുണ്ട്. ഇതൊന്നും മാറ്റാൻ കഴിയുന്നതല്ല.
മാറാൻ ആവശ്യമായ മനസ്സും മാറ്റാനാവശ്യമായ ഇടപെടലുമാണ് വേണ്ടത്. രണ്ടാമത്തേതാണ് നമുക്ക് ചെയ്യാൻ കഴിയുക. അത് ചെയ്തപ്പോൾ ഗുണമുണ്ടായിട്ടുണ്ടെന്ന് താൻ മന്ത്രിയായിരുന്നപ്പോൾ ബോധ്യമായിട്ടുണ്ട്’ സെമിനാറിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
Comments