തങ്ങളുടെ മുടിയെപ്പറ്റി ചിന്തിച്ച് തലപുകയ്‌ക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും. തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അപ്രതീക്ഷിതമായി എത്തുന്ന മുടികൊഴിച്ചിൽ തന്നെയാണ് ഇവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. പ്രായാധിക്യം, പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പൊതുവില്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നത് കൂടാതെ ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത്തരത്തില്‍ തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാവുന്ന ചില ഹെയർ കെയർ പൊടികെെകൾ പരിചയപ്പെടാം.
മുട്ട
മുടിയുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമായ കൊളാജൻ, കെരാട്ടിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ് സൾഫർ. മുട്ടയിൽ ധാരാളം സൾഫർ അടങ്ങിയതിനാൽ ഇവ മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
ഉലുവ
മുടിയ്‌ക്ക് ഏറ്റവും ഉത്തമനായ മരുന്നാണ് ഉലുവ. ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്‌ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ബലമുള്ള മുടിയിഴകൾ നൽകാനും വെളിച്ചെണ്ണയിലെ ഘടകങ്ങൾ സഹായിക്കും. വിവിധതരം ധാതുക്കൾ, വിറ്റമിൻ ഇ എന്നിവയും വെളിച്ചെണ്ണയിൽ സമ്പുഷ്ടമാണ്. വെളിച്ചെണ്ണ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് ഇത് കഴുകി കളയാം.
ഉള്ളി
മുടിയുടെ ആരോഗ്യത്തിന് ഉള്ളി വളരെ നല്ലതാണ്. ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
കറിവേപ്പില
ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്ന ഭക്ഷണ പദാർത്ഥമാണ് കറിവേപ്പില. ബീറ്റാ കെരാട്ടിന്റെ സമ്പന്നമായ ഉറവിടമായതിനാലാണ് കറിവേപ്പില മുടികൊഴിച്ചിൽ പരിഹരിക്കുന്നത്. മുടി സംരക്ഷണത്തിന് ആവശ്യമായ മറ്റ് പല പ്രോട്ടീനുകളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ പരിപോഷിപ്പിക്കുകയും മുടി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിനാൽ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉണക്കിപ്പൊടിച്ച കറിവേപ്പില വേവിച്ച ചോറിനൊപ്പം ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
ബദാം
വിറ്റാമിൻ ഇ-യും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥമാണ് ബദാം. ദിവസേന ബദാം കഴിക്കുന്നത് മുടിയുടെ വളർച്ചയ്‌ക്കാവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു.
പഴം
പഴം നിസാരക്കാരനല്ല. ഒരു പഴം ഉടച്ചതിലേയ്‌ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്‌ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ശേഷം ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
ഇലകൾ
ചീര, മുരങ്ങയില, തുടങ്ങിയ പച്ചയിലകൾ കഴിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും ചെയ്യും.
പേരയില
ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയില. അതിനാൽ ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം. മുടികൊഴിച്ചിൽ മാറാനുള്ള ഉത്തമമായ മരുന്നാണ് പേരയില. പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും തല കഴുകുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. പേരയില അരച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നതും മുടികൊഴിച്ചിലിന് ഉത്തമമാണ്. താരൻ മാറാനും ഈ രീതി പരീക്ഷിക്കാം.
















Comments