ബ്രിഡ്ജ് ടൗൺ: ലോകകപ്പിന് മുന്നോടിയായി എല്ലാവർക്കും അവസരം ലഭിക്കുന്നതിന്റെ ഭാഗമായി കോഹ്ലിയും രോഹിതുമടക്കമുള്ള സീനിയർ താരങ്ങൾക്ക് ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ വിശ്രമം നൽകിയിരുന്നു. സീനിയർ താരങ്ങളെ ഇറങ്ങാതിരുന്ന ഈ മത്സരത്തിൽ ഇന്ത്യ അമ്പേ പരാജയപ്പെട്ടു.
മത്സരത്തിനിടെ സൂപ്പർതാരമായ വിരാട് കോഹ്ലി വാട്ടർബോയ് ആയി ഗ്രൗണ്ടിലെത്തിയത് ഏവരെയും അമ്പരിപ്പിച്ചു. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ സഹതാരമായിരുന്ന യൂസ്‌വേന്ദ്ര ചാഹലിനൊപ്പമാണ് കോഹ്ലി വാട്ടർബോയിയായി ഗ്രൗണ്ടിലെത്തിയത്.
2017 ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയും കോഹ്ലി വാട്ടർ ബോയ് ആയി ഗ്രൗണ്ടിൽ എത്തിയിരുന്നു. അന്ന് ഇന്ത്യൻ ടീമിനെ നയിച്ചത് വിരാടായിരുന്നു. എന്നാൽ അന്ന് പരിക്ക് മൂലം ആ മത്സരത്തിൽ കോഹ്ലി കളത്തിലിറങ്ങിയില്ല. പകരം അജിങ്ക്യ രഹാനെയായിരുന്നു ടീമിനെ നയിച്ചിരുന്നത്.
അതേസമയം, സമൂഹമാദ്ധ്യമങ്ങൾ താരത്തിന്റെ വാട്ടർ ബോയി ആയുള്ള വരവ് ഏറ്റെടുത്തു. താരജാഡ ഇല്ലാത്ത താരമെന്നും യുവതാരങ്ങൾക്ക് ഉപദേശം നൽകാൻ വേണ്ടിയാണ് താരം ഗ്രൗണ്ടിലെത്തിയതെന്നുമാണ് ആരാധകർ പങ്കുവെക്കുന്നത്. പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് ബൗളർമാർ തിളങ്ങിയപ്പോൾ ഇന്ത്യയുടെ പോരാട്ടം 181ൽ അവസാനിച്ചു. പരമ്പര സ്വന്തമാകാൻ ഇരുടീമുകൾക്കും മൂന്നാം ഏകദിനത്തിലെ വിജയം അനിവാര്യമാണ്.
Comments