പത്തനംതിട്ട: പോലീസിനെതിരെ ആരോപണവുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്‌സാന. പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നുവെന്ന് മർദ്ദിച്ച് പറയിപ്പിച്ചെന്നും അഫ്‌സാന ആരോപിച്ചു. മർദ്ദനത്തിന് പുറമേ പെപ്പർ സ്‌പ്രേ ഉൾപ്പെടെ പ്രയോഗിച്ചുവെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥരും തന്നെ മർദ്ദിച്ചതായും സഹിക്കാൻ കഴിയാതെയാണ് ഭർത്താവിനെ കൊന്നുവെന്ന് സമ്മതിച്ചതെന്നും അഫ്‌സാന പറഞ്ഞു. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്‌സാന ചൂണ്ടിക്കാട്ടി.
ഭർത്താവ് നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ജയിൽ മോചിതയായതിന് പിന്നാലെയാണ് പോലീസിനെതിരെ ആരോപണവുമായി അഫ്‌സാന രംഗത്തെത്തിയത്. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന പോലീസിനെ നൽകിയിരുന്ന മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്‌ക്ക് താമസിക്കുമ്പോഴായിരുന്നു കൃത്യമെന്നും അഫ്‌സാന മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ അഫ്‌സാനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. റിമാൻഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുകയായിരുന്നു. മൃതദേഹത്തിനായി പലയിടത്തും പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ നൗഷാദിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
Comments