‘മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല’; കുപ്രചരണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത്

Published by
Janam Web Desk

ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻ – ഹിന്ദു കലാപമാണെന്നുള്ള പ്രചരണങ്ങളെ തള്ളി സിപിഎം മണിപ്പൂർ സംസ്ഥാന സെക്രട്ടറി ക്ഷത്രിമായം സാന്റ. പള്ളികൾക്ക് നേരെ ആക്രമണമുണ്ടായെങ്കിലും സംഘർഷത്തിന്റെ പ്രധാന കാരണം മതമല്ലെന്ന്  അദ്ദേഹം വ്യക്തമാക്കി. ഗോത്ര വർഗ്ഗക്കാർ തമ്മിലുള്ള സംഘർഷമാണ് സംസ്ഥാനത്ത് നടന്നതെന്നും ഏതെങ്കിലും മതവുമായി വിഷയത്തെ കൂട്ടിക്കലർത്താൻ സാധിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻ- ഹിന്ദു സംഘർഷമാണെന്ന് വരുത്തി വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ സിപിഎം കേരളത്തിൽ അടക്കം തുടരുന്നതിനിടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ തള്ളിക്കൊണ്ട് സിപിഎം മണിപ്പൂർ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൽപ്പെട്ടവർ മണിപ്പൂരിലെ ക്രിസ്തീയ ദേവാലയങ്ങൾ തകർക്കുകയാണെന്നും സംസ്ഥാനത്ത് അരങ്ങേറുന്ന സംഘർഷങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു സിപിഎം പ്രചരണം. കഴിഞ്ഞ ദിവസം മണിപ്പൂർ സന്ദർശിച്ച ഐക്യപ്രതിപക്ഷ എംപിമാരുടെ സംഘവും ഇതേ ആരോപണം ആവർത്തിച്ചു. എന്നാൽ ഇത്തരം വാദങ്ങൾ തള്ളിക്കൊണ്ട് സിപിഎം മണിപ്പൂർ സംസ്ഥാന സെക്രട്ടറി തന്നെ മുന്നോട്ടുവന്നത് കുപ്രചരണങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

മണിപ്പൂർ സംഘർഷങ്ങളെ മത കലാപങ്ങളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർദ്ദിനാളും ഇംഫാൽ ആർച്ച് ബിഷപ്പും രംഗത്തുവന്നിരുന്നു. വിഷയത്തിൽ മതം കലർത്താനുള്ള ചിലരുടെ ശ്രമം ബോധപൂർവ്വമാണെന്ന് സംശയിക്കുന്നതായി ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ കഴിഞ്ഞ ദിവസം ആരോപിച്ചു. കുക്കി-മെയ്തി ഗോത്ര വർഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കേണ്ടതില്ല.

ഇംഫാലിൽ ഇപ്പോഴും നിരവധി പള്ളികൾ സുരക്ഷിതമായി തുടരുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ലെന്നും രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പോരാണെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. സംഘർഷത്തിൽ ക്രിസ്ത്യൻ -ഹിന്ദു ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഇവ മതത്തിന്റെ പേരിലുള്ള കലാപമായിരുന്നില്ല. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാൻ വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Share
Leave a Comment