ആലപ്പുഴ: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന മൂന്നംഗ സംഘം പിടിയിൽ. കൊല്ലം കൊറ്റങ്കര സ്വദേശികളായ ശ്യാം(37), അശോകൻ(40),അനിൽകുമാർ(42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് പെട്രോളിംഗിനിടെ ആയിരുന്നു ഇവരെ പിടികൂടിയത്.
മൂവരെയും ബൈക്കിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയായിരുന്നു. സഞ്ചിയിൽ നിന്ന് ബാറ്ററി, ചാർജർ, സിഗററ്റ്, ലോട്ടറി ടിക്കറ്റ് എന്നിവ കണ്ടെത്തി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വസ്തുക്കളാണെന്ന് മനസ്സിലാക്കിയത്.
നടയ്ക്കാവ് സ്വദേശി വിജയന്റെ കടയിൽ നിന്നും കവർന്ന 6,000 രൂപയുടെ സാധനങ്ങളാണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഭരണിക്കാവിലെ ഒരു വീട്ടിലെ പൂജാമുറിയിൽ ഇരുന്ന വിഗ്രഹങ്ങൾ, വിളക്കുകൾ, മൊന്ത, താലങ്ങൾ അടക്കം സംഘം മോഷ്ടിച്ചിരുന്നു. ഡി.വൈ.എസ്.പി അജയനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments