ആലപ്പുഴ: പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ പരിശീലന കേന്ദ്രം എൻഐഎ കണ്ടുകെട്ടിയതിലെ സന്തോഷമല്ല, ഇത്രകാലവും നിർബാധം പ്രവർത്തിക്കാൻ അതിന് സാധിച്ചു എന്ന ആശങ്കയാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഉന്നത വിദ്യാഭ്യാസവും മതേതര മൂല്യവും ഉണ്ടെന്ന് വാതോരാതെ പറയുന്നത് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഭീകരവാദികളെ പരിശീലിപ്പിച്ച് അയക്കാനുള്ള ലൈസൻസ് അല്ല എന്ന് മനസ്സിലാക്കണം. ഭീകരവാദത്തിന് മതമില്ല എന്ന് പറയുമ്പോഴും കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുന്നത് മതത്തിന്റെ മറവിൽ ആണെന്നും ഇത് സമാധാന കാംക്ഷികളായ മുസ്ലിങ്ങളെ കൂടി പ്രതിസന്ധിയിൽ ആക്കുന്നുണ്ടെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
ഇടത് വലത് മുന്നണികൾ നടത്തിയ നഗ്നമായ മത പ്രീണനത്തിന്റെ ഗുണഭോക്താക്കൾ അല്ല ഇരകളാണ് യഥാർത്ഥത്തിൽ കേരളത്തിലെ സാധാരണ മുസ്ലിംങ്ങൾ. എങ്ങനെയാണ് മലപ്പുറത്ത് ഈ കേന്ദ്രം ഇത്രനാളും പ്രവർത്തിച്ചത് എന്ന ചോദ്യം ഓരോ മലയാളിയും ചോദിക്കണം. ഇവിടെ നിന്നിറങ്ങിയ ഭീകരർ എത്ര നിരപരാധികളെ ക്രൂരമായി വധിച്ചിട്ടുണ്ടാകും? ആരാണ് ഈ ആയുധ പരിശീലന കേന്ദ്രത്തെ സംരക്ഷിച്ചത്. ആരുടെ രക്ഷാകർതൃത്വം ഉള്ളത് കൊണ്ടാണ് അന്വേഷണ ഏജൻസികൾ ഇവരെ തൊടാതെ പോയത്.
കേരളത്തിലെ മുസ്ലീങ്ങൾക്കും മലപ്പുറത്തിനും അപമാനമായ ഗ്രീൻവാലിക്ക് സംരക്ഷണം ഒരുക്കിയവരെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ കേരളം മറ്റൊരു സിറിയ ആകാൻ അധിക കാലം വേണ്ടി വരില്ല. അതല്ല ഇതും മുസ്ലീം വേട്ടയുടെ ഭാഗം എന്ന ഇടത് വലത് വ്യാജ പ്രൊപ്പഗണ്ട വിശ്വസിക്കാനാണ് തീരുമാനം എങ്കിൽ ഈശ്വരന് പോലും നമ്മെ രക്ഷിക്കാൻ കഴിയില്ലെന്ന സത്യം തിരിച്ചറിയുമ്പോഴേക്ക് കേരളവും നമ്മളും ഉണ്ടാവില്ല എന്നും സന്ദീപ് വാചാസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments