അസംസ്‌കൃത സസ്യാഹാരം കഴിച്ച് ‘പട്ടിണി’ കിടന്ന് 39-കാരി മരണത്തിന് കീഴടങ്ങി. ശരീരത്തിന് ആവശ്യമായ ഭക്ഷണം കിട്ടാത്തതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. റഷ്യൻ സ്വദേശിയായ ശന്ന സാംസോനോവ എന്ന യുവതിയാണ് മരിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ഡയറ്റിന്റെ രീതികളെ കുറിച്ചും മറ്റും നിരന്തരം വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ഇവർ ‘വെഗൻ പോഷാകാഹാരം’ മാത്രമായിരുന്നു കഴിച്ചിരുന്നത്. പഴങ്ങൾ, സൂര്യകാന്തി വിത്തുകൾ, ഫ്രൂട്ട് സ്മൂത്തികൾ,ജ്യൂസുകൾ എന്നിവ മാത്രമായിരുന്നു ഇവരുടെ ആഹാരം. ഇതിന് പിന്നാലെ ആരോഗ്യത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഭക്ഷണം കുറച്ചുകൊണ്ടുള്ള ഡയറ്റിലായിരുന്നു ഇവർ.
കുറച്ച് മാസങ്ങൾക്ക് മുൻപ് സാംസോനോവയെ ശ്രീലങ്കയിൽ വെച്ച് കണ്ടിരുന്നുവെന്നും പതിവിലേറെ ക്ഷീണിതയായാണ് കാണപ്പെട്ടതെന്നും ഒരു സുഹൃത്ത് പറഞ്ഞു. ചികിത്സയ്‌ക്കായി പറഞ്ഞയച്ചെങ്കലും വിസമ്മതിക്കുകയായിരുന്നുവെന്നും അയാൾ കൂട്ടിച്ചേർത്തു. സാംസോനോവയുടെ മരണകാരണം കോളറ പോലുള്ള അണുബാധയാണെന്ന് മാതാവ് അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി മരണകാരണം പുറത്തുവന്നിട്ടില്ല. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമാകും ഇത് പറയാൻ കഴിയൂവെന്ന് കുടുംബം പറഞ്ഞു. തന്റെ ഭക്ഷണശീലമാണ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്നും ശരീരവും മനസും മാറുന്നത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
തന്റെ വിശപ്പകറ്റാനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നവരാണ് സസ്യാഹാരികൾ. മാംസം ഒഴിവാക്കുന്നതിനു പുറമേ സസ്യാഹാരികൾ പാലോ മുട്ടയോ മറ്റ് മൃഗ ഉൽപ്പന്നങ്ങളോ കഴിക്കുന്നില്ല. വെജിറ്റേറിയൻ എന്ന വാക്കിന്റെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ സംയോജിപ്പിച്ച് സൃഷ്ടിച്ച ‘വെഗൻ’ എന്ന വാക്ക് സർവ മൃഗ ഉൽപ്പന്നങ്ങളെയും ഒഴിവാക്കിയുള്ള ജീവിതശൈലി പിന്തുടരുന്ന ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്.
Comments