കർക്കിടകമാസം എന്നത് ചികിത്സയുടെയും ഔഷധങ്ങളുടെയും മാസമെന്നത് പോലെ തന്നെ ആചാരാനുഷ്ഠാനങ്ങളുടെ മാസം കൂടിയാണ്. ഉത്തരമലബാറിലെ നിവാസികൾക്ക് കർക്കിടകമാസം എന്നത് ആചാര പെരുമയുടെ മാസം തന്നെയാണ്. ഈ വേളയിലാണ് പ്രദേശത്ത് വീടുകളിൽ എല്ലാം തന്നെ ആടിവേടൻ എത്തുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലായി കെട്ടിയാടുന്ന തെയ്യക്കോലമാണ് ആടിവേടൻ എന്ന് പറയുന്നത്. ഈ ജില്ലകളിലെ ആചാരാനുഷ്ഠാനങ്ങളിലെ സാന്നിദ്ധ്യമാണ് ആടിയും വേടനും. പതിവ് പോലെ ഇത്തവണയും നാട്ടുവഴികളിലൂടെ ആടിവേടൻ വീടുകളിലെത്തി.
ആധി വ്യാധികളെ മാറ്റുന്നതിനായാണ് പ്രധാനമായും ഈ ആചാരം നടക്കുന്നത്. കുഞ്ഞ് തെയ്യക്കോലെ ഒറ്റച്ചെണ്ടയുടെ താളത്തിന് ഒത്താണ് ചുവടു വെയ്ക്കുക. ഇല്ലായ്മയുടെ പഞ്ഞമാസക്കാലത്ത് പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന ദുരിതങ്ങളെ അകറ്റുന്നതിന് വേണ്ടിയാണ് ശിവസങ്കൽപ്പമായ വേടരൂപം കെട്ടിയാടുന്നത് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പാശുപതാസ്ത്രത്തിനായി തപസ് ചെയ്ത അർജ്ജുനനെ പരീക്ഷിക്കുന്നതിന് വേണ്ടി ശിവൻ ആടി വേഷത്തിലെത്തിയതാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഐതിഹ്യം. മലയൻ, വണ്ണാൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആൺകുട്ടികളാണ് ഈ കോലം പ്രധാനമായും കെട്ടിയാടുന്നത്.
ശിവൻ, പാർവതി, അർജ്ജുനൻ എന്നീ ദൈവീക സാന്നിദ്ധ്യത്തെ അനുസ്മരിച്ച് പ്രധാനമായും മൂന്ന് തെയ്യങ്ങളാണ് കർക്കിടക മാസത്തിൽ ഇവിടെ വീടുകളിൽ എത്തുന്നത്. മലയൻ സമുദായക്കാരാണ് ആടിവേടൻ എന്ന ശിവന്റെ തെയ്യക്കോലം കെട്ടിയാടുന്നത്. വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന തെയ്യക്കോലം പാർവതി ദേവീയുടേതാണ്. കോപ്പാള അഥവാ നൽക്കത്തായ സമുദായക്കാരാണ് ഗളിഞ്ചൻ എന്ന അർജ്ജുന തെയ്യക്കോലത്തെ കെട്ടിയാടുന്നത്. വീടുകളിൽ എത്തുന്ന തെയ്യക്കോലത്തെ നിലവിളക്കിൽ ദീപം കൊളുത്തിയാണ് വരവേൽക്കുന്നത്. ഇതിന് ശേഷം തോറ്റം പാട്ട് നടക്കും. കരിക്കട്ട ഉഴിഞ്ഞ ഗുരുശി വെള്ളം തെക്കോട്ട് ഒഴിക്കുന്നതോടെ ആധിവ്യാധികൾ വീട്ടിൽ നിന്നും ഒഴിഞ്ഞു എന്നാണ് വിശ്വാസം.
















Comments