കോഴിക്കോട്: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി ആയുധ പരിശീലന കേന്ദ്രത്തിന് എൻഐഎ താഴിട്ടത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. ഇടത്- വലത് സർക്കാരുകളുടെ തണലിൽ പടർന്ന് പന്തലിച്ച ഗ്രീൻവാലി വിദ്യാഭ്യാസ സ്ഥാപനം എന്ന മറവിലാണ് പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കൊച്ചി എൻഐഎ സംഘം ഗ്രീൻവാലി സീൽ ചെയ്തത്. 2022 സെപ ്തംബർ 22ന് നടത്തിയ റെയ്ഡിന് ശേഷമാണ് സ്ഥാപനത്തിനെതിരെ കേസ് എടുത്തത്. യുഎപിഎ സെക്ഷൻ 25 പ്രകാരമാണ് ഭീകര കേന്ദ്രം എൻഐഎ കണ്ടുകെട്ടിയത്.
സന്നദ്ധ സംഘടന എന്ന മറവിലാണ് ഗ്രീൻവാലിയിൽ രാജ്യവിരുദ്ധ പ്രവർത്തനം നടന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ പ്രധാന കേന്ദ്രമായിരുന്നു ഗ്രീൻവാലി. നിരോധനത്തെത്തുടർന്ന് അറസ്റ്റിലായ അഡ്വ. മുഹമ്മദ് മുബാറക് അടക്കമുള്ളവർ പ്രധാനമായി തമ്പടിച്ച് പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ഭീകര സംഘടനയുടെ മാസ്റ്റർ ട്രെയ്നർമാർക്ക് ഗ്രീൻവാലിയിലാണ് ആയുധ പരിശീലനം നൽകിയിരുന്നത്. കൂടാതെ ഗീൻവാലി കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിശദമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ 17 ഭീകര കേന്ദ്രങ്ങൾ എൻഐഎ നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളാണ് അടച്ച് പൂട്ടിയത്. കൂടുതൽ തെളിവുകൾ ശേഖരിച്ചതിനു ശേഷമാണ് ഗ്രീൻവാലി കണ്ടുകെട്ടാനുള്ള നടപടികൾ എൻഐഎ പൂർത്തിയാക്കിയത്..
അതേസമയം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിന്റെ പഠന കേന്ദ്രമായ ഗ്രീൻവാലി അക്കാദമിക്ക് നൽകിയിരുന്ന അംഗീകാരം റദ്ദാക്കിയതായി (എൻഐഒഎസ്) കേരള കേന്ദ്രം ഡയറക്ടർ ഡോ. മനോജ് ഥാക്കൂർ വ്യക്തമാക്കി.
















Comments