ന്യൂഡൽഹി: ഒരു തരത്തിലും ഖേദം പ്രകടിപ്പിക്കില്ലെന്ന സ്പീക്കറുടെ നിലപാട് അങ്ങേയറ്റത്തെ ധാർഷ്ട്യവും ഹിന്ദു സമൂഹത്തോടുള്ള അവജ്ഞയുമാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സ്പീക്കറുടേയും നിലപാട് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഹിന്ദു വിശ്വാസത്തിനുള്ള ശാസ്ത്രാവബോധം മറ്റ് മതങ്ങളുടെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപിയുടെ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഹൈന്ദവ സമൂഹത്തിന്റെ അമർഷവും ദുഃഖവും രേഖപ്പെടുത്തിയിരുന്നു. പക്ഷേ അതിന് ശേഷവും മാപ്പ് പറയാൻ തയ്യറാകാത്ത സമീപനം അങ്ങേയറ്റത്തെ ധാർഷ്ട്യമാണ്. സ്പീക്കർ തിരുത്തണമെന്നാണ് കോൺഗ്രസ് പറയുന്നത്. സ്പീക്കർ തിരുത്തില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ എടുക്കുന്ന സമീപനത്തോട് കോൺഗ്രസിന്റെ നിലപാട് എന്തായിരിക്കുമെന്നറിയാനും ആഗ്രഹമുണ്ട്- അദ്ദേഹം പറഞ്ഞു.
ആരാധനമൂർത്തികൾക്കെതിരായി മാർസിസ്റ്റ് പാർട്ടി നിരന്തരം നടത്തികൊണ്ടിരിക്കുന്ന അവഹേളന പരമായിട്ടുള്ള പരാമർശങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് കേരളത്തിലെ ഹിന്ദു സമൂഹം കാണുന്നത്. കേരളത്തിന്റെ ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെന്ന നിലയിൽ ഹിന്ദു സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്ന സമീപനം പ്രതിഷേധാർഹമാണ്. ഗണപതി മിത്താണെങ്കിൽ വിഘ്നേശ്വരഭഗവാനെ കുറിച്ചുള്ള ‘വിനായാകാഷ്ടകം’ എഴുതിയ ശ്രീനാരായണ ഗുരു അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ആളാണെന്ന് എന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments