ഏതൊരു പ്രവൃത്തികൾ ആരംഭിക്കുമ്പോഴും വിഘ്‌നങ്ങൾ അകറ്റി ഫലപ്രാപ്തി ലഭിക്കാനായി വിനായക ഭഗവാന്റെ അനുഗ്രഹം തേടുന്നവരാണ് എല്ലാവരും. നല്ല കാര്യത്തിന് തുടക്കത്തിൽ ഗണപതിയെ പൂജിച്ചാൽ തടസങ്ങൾ ഒഴിവായി കിട്ടുമെന്നാണ് ഹൈന്ദവ വിശ്വാസം.
കേരളത്തിൽ പൊതുവേ ഗണപതി ക്ഷേത്രങ്ങൾ കുറവാണെങ്കിലും ഗണപതി ഉപദേവനായി ഇല്ലാത്ത ക്ഷേത്രങ്ങളില്ല. മഹാദേവന്റെയും പാർവതീ ദേവിയുടെയും പുത്രനാണ് ഗണപതി. കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങൾ ഇവയാണ്.
പഴവങ്ങാടി ഗണപതി ക്ഷേത്രം
അനന്തപുരിയുടെ മണ്ണിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണപതിയ്‌ക്ക് തേങ്ങ സമർപ്പിക്കുന്നത് ബാലഗണപതിയാണ് സങ്കൽപ്പം. പുഴയിൽ നിന്നും ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾക്ക് സമാനമായ രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ധർമശാസ്താവ്, നാഗം, രക്ഷസ്, ദുർഗ എന്നിവരാണ് ഉപദേവതമാർ. നാളികേരം ഉടയ്‌ക്കുന്നതാണ് പ്രധാന വഴിപാട്.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പരമശിവനാണെങ്കിലും ഉപദേവനായി പ്രതിഷ്ഠിക്കപ്പട്ട ബാല ഗണപതിയിലൂടെയാണ് ക്ഷേത്രം പ്രസിദ്ധമായത്. പെരുന്തച്ചൻ കൊത്തിയതാണ് ഗണപതി വിഗ്രഹമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പമാണ് പ്രസിദ്ധം. ഗണപതി നടയിലെ തിടപ്പള്ളിയിലൊരുക്കിയ അപ്പക്കാരയിലാണ് ഉണ്ണിയപ്പം തയാറാക്കുന്നത്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകൾ.
തഴുത്തല മഹാഗണപതി ക്ഷേത്രം
കൊല്ലം ജില്ലയിലെ പ്രസിദ്ധമായ മറ്റൊരു ഗണപതി ക്ഷേത്രമാണ് തഴുത്തല മഹാഗണപതി ക്ഷേത്രം. കൊട്ടിയത്തിനടുത്ത് തഴുത്തലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊട്ടിയം-കുണ്ടറ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്വർണ്ണ നിറത്തിലുള്ള ക്ഷേത്രത്തിൽ വലിയ ആൽമരത്തിന്റെ ചുവട്ടിൽ ശ്രീമഹാഗണപതി ഇരിക്കുന്നു. ശ്രീമഹാ ഗണപതി, തന്റെ ചെറിയ മൂഷിക വാഹനത്തിൽ ഇരുന്നു ഗ്രാമത്തെ മുഴുവൻ പരിപാലിക്കുന്നതുപോലെ ഈ ചെറിയ ക്ഷേത്രത്തിൽ പ്രവിശ്യയുടെ മഹത്വം അനായാസമായി കുടികൊള്ളുന്നു.
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
കേരളത്തിലെ ആകെയുള്ള രണ്ട് അഞ്ചുമൂർത്തി ക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ആലത്തൂരിനടത്തുള്ള അഞ്ചുമൂർത്തി ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വാസമുള്ള ക്ഷേത്രത്തിൽ ശിവനോടൊപ്പം സുദർശനമൂർത്തിയ്‌ക്കും മഹാവിഷ്ണുവിനും പാർവതി ദേവിയ്‌ക്കും ഗണപതിയ്‌ക്കും തുല്യപ്രാധാന്യമാണുള്ളത്. ഇവിടെ ശിവപ്രതിഷ്ഠാ സദാശിവരൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. ശിവരാത്രി, അഷ്ടമിരോഹിണി, നരസിംഹജയന്തി, വിനായചതുർത്ഥി, നവരാത്രി എന്നീ ദിവസങ്ങളിൽ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു.
മധൂർ ക്ഷേത്രം
കേരളത്തിന്റെ തെക്കേ അറ്റത്ത് കാസർകോട് ജില്ലയിലാണ് മധൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തേശ്വര വിനായക ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. ഇവിടെയും ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ ഗണപതി വിഗ്രഹത്തിന് ദിനം പ്രതി വലുപ്പം വെയ്‌ക്കുന്നുണ്ടെന്നാണ് വിശ്വാസം. പച്ചയപ്പവും ഉണ്ണിയപ്പവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉണ്ണിയപ്പംകൊണ്ടു മൂടുന്ന മൂടപ്പസേവ എന്നഉത്സവമാണ് പ്രധാനപ്പെട്ട ഉത്സവം.
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് അതിപുരാതനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്.
അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കൽപം. ഗണപതിയുടെ മടിയിൽ കഥ കേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. ഉന്നതവും ഉദാത്തവുമായ മനീഷിയിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക ജീവിതമാർഗത്തിന്റെ അരുൾമൊഴികൾ ഏറ്റുവാങ്ങുന്ന ഒരു തലമുറയുടെ പ്രതീകമാണത്. ഭാഗവതകഥ കേൾക്കുന്നതിലൂടെ നമുക്കു നേടാൻ കഴിയുന്ന ഊർജസ്വലതയും കർമകുശലതയുമാണ് ഈ അപൂർവ സംഗമം ദ്യോതിപ്പിക്കുന്നത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുള്ള, ഉണ്ടാകേണ്ട ഐക്യഭാവവും ഇവിടെ പ്രത്യക്ഷമാകുന്നു.
മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. വലംപിരിയായ തുമ്പിക്കയ്യിൽ മാതളനാരങ്ങയും കൈകളിൽ മഴു, കയർ, കൊമ്പ്, ലഡു എന്നിവയുമുണ്ട് . അമ്പാടിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ഗണേശരൂപമാണു ജ്യോതിഷ ചിന്തയിൽ തെളിഞ്ഞത്. ഇത്തരത്തിലുള്ള ചിത്രാലേഖനമാണ് ഏറെ പ്രചാരം നേടിയത്.
വാഴപ്പള്ളി മഹാദേവർ ക്ഷേത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. അതിന് മുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. ശ്രീലകത്ത് ശിവലിംഗപ്രതിഷ്ഠയോട് ചേർന്ന് തന്നെയാണ് ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ ഈ പ്രതിഷ്ഠയായിരുന്നുവത്രെ പ്രധാനം. ഇപ്പോൾ കാണുന്ന ഗണപതിയെ പിന്നീട് പ്രതിഷ്ഠിച്ചതാണ്. ക്ഷേത്രത്തിൽഇത് കൂടാതെ വേറെയും ധാരാളം ഗണപതി പ്രതിഷ്ഠകളും ശിലാവിഗ്രഹങ്ങളും കാണാൻ കഴിയും.
Comments