തിരുവനന്തപുരം: സിപിഎം ആശീർവാദത്തൊടെ ഇടതുപക്ഷ അനുകൂല മുസ്ലീം സംഘടനകളെ ചേർത്ത് പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്ത് സജീവം. ഐ.എന്‍.എല്‍, പി.ഡി.പി, നാഷണൽ സെക്യുലർ കോൺഗ്രസ് എന്നിവയ്‌ക്ക് പുറമെ ലീഗിനോട് ഇടഞ്ഞു നിൽക്കുന്ന മുസ്ലീ സംഘടനകളെയും സിപിഎം നോട്ടമിടുന്നുണ്ട്. സി.പി.എം നേതൃത്വവുമായും രാഷ്‌ട്രീയ പാർട്ടികളുമായും ഇതിനകം തന്നെ പലവട്ടം ആശയവിനിമയം നടന്നു കഴിഞ്ഞു.
മുസ്ലീം ലീഗിൽ നിന്ന് മാറ്റിനിർത്തപ്പെട്ട മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കെ.എസ് ഹംസ ഒന്നിലധികം തവണ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നാണ് അനൗദ്യോഗിക വിവരം. ന്യൂനപക്ഷ- പിന്നോക്ക രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്ന, ഇടതുപക്ഷ നിലപാടുള്ള സംഘടന എന്നതാണ് ആശയം.
പിണറായി വിജയൻ സർക്കാരിന്റെ ന്യൂനപക്ഷ അനുകൂല നിലപാടിൽ പ്രതീക്ഷയർപ്പിച്ചാണ് പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ രൂപീകരണവുമായി മുസ്ലീം സംഘടനകൾ മുന്നോട്ട് പോകുന്നത്. കോഴിക്കോടും തിരുവനന്തപുരവും തൃശൂരും കേന്ദ്രീകരിച്ച് ഒന്നിലധികം യോഗങ്ങൾ ഇതു സംബന്ധമായി ഇതിനകം നടന്നു കഴിഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുഖ്യ മന്ത്രിയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു പൊതു പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
മുസ്ലീം മത സംഘടനാ നേതാക്കളിൽ ചിലർ പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന. പാർട്ടിക്ക് പുരോഗമന മുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില ദളിത് സംഘടനകളുമായും ബുദ്ധിജീവികളുമായും പാർട്ടിയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങൾ എന്നതാണ് ശ്രദ്ധേയം.
ഐ.എന്‍ എല്‍ ആണ് നിലവിൽ ഇടതുപക്ഷത്തുള്ള ന്യൂന പക്ഷ പാർട്ടി. എന്നാൽ ഐഎൻഎല്ലിന് കാര്യമായ രാഷ്‌ട്രീയ സ്വാധീനം സംസ്ഥാനത്ത് ഇല്ല. അതിനാൽ മുസ്ലീം വോട്ടുകൾ അരക്കിട്ടുറപ്പിക്കാൻ പുതിയ പാർട്ടിയിലൂടെ സാധിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Comments