കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്. സി തോമസ് ഇടത് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്‌ക്കിന് സിപിഎം നിർദേശം നൽകിയെന്നാണ് വിവരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ടത് ജെയ്ക് തന്നെയായിരുന്നു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെന്നും ഇപ്പോഴേ അത് സംബന്ധിച്ച ചർച്ചകൾ ആവശ്യമില്ലെന്നും സിപിഎം പറയുന്നുണ്ടെങ്കിലും അണിയറയിൽ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന. പഞ്ചായത്തുകളുടെ ചുമതല വിവിധ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് വീതിച്ചുനൽകിയെന്നത് ഇതിന് ഒരു ഉദാഹരണമാണ്. സംസ്ഥാന സമിതി അംഗങ്ങൾക്കും പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകി പുതുപ്പള്ളിയിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ജെയ്ക് സി. തോമസ് തന്നെ പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചന പുറത്തുവരുന്നത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മണ്ഡലത്തിലുണ്ടാകുന്ന സഹതാപ തരംഗത്തെ ഉൾപ്പടെ മറികടക്കാൻ ജെയ്‌ക്കിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്ന കണക്കകൂട്ടലിലാണ് സിപിഎം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തയാഴ്ച പുതുപ്പള്ളിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ജെയ്ക് സി. തോമസിനോട് മണർകാട് കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തിക്കാനും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് വിവരം.
















Comments