കോഴിക്കോട്: ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരമായി ലഭിക്കുക 1.12 കോടി രൂപ. കോഴിക്കോട് അഡീഷണൽ ജില്ലാ കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. താമരശ്ശേരി സ്വദേശി മുജീബ് റഹ്മാനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്റെ എട്ട് ശതമാനം പലിശയും കോടതി ചെലവുകളുമടക്കം 1,12,38,453 രൂപയാണ് നൽകേണ്ടത്. നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2019 നവംബർ ഒന്നിനാണ് അപകടം നടക്കുന്നത്. രാത്രി 11.40-ഓടെ റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ അലക്ഷ്യമായി എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുപാട് നാളത്തെ ചികിത്സയ്ക്കൊടുവിലാണ് ജീവൻ രക്ഷിക്കാനായത്. എന്നാൽ ഇപ്പോഴും എഴുന്നേൽക്കാനാകാത്ത സാഹചര്യത്തിലാണ് മുജീബ് റഹ്മാൻ.
കോഴിക്കോട് അഡീഷണൽ മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജ് ആർ മധുവാണ് മുജീബ് റഹ്മാന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ബാബു പി ബെനഡിക്ട്, പി പി ലിനീഷ്, സബിൻ ബാബു എന്നിവർ ഹാജരായി.
Comments