ഓൺലൈൻ ഗെയിമിംഗിന് 28-ശതമാനം ജി.എസ്.ടി ഓക്ടോബർ 1-മുതൽ; രാജ്യാന്തര ഗെയിമിംഗ് കമ്പനികൾക്കടക്കം രജിസ്‌ട്രേഷൻ നിർബന്ധമാകും; തീരുമാനമറിയിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

Published by
Janam Web Desk

ന്യൂഡൽഹി; പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്‌ക്ക് 28% നികുതി ഓക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സി.ജി.എസ്.ടി, ഐ.ജി.എസ്.ടി നിയമങ്ങളിൽ ആവശ്യമായ മാറ്റവും സംസ്ഥാനങ്ങളിൽ ആവശ്യമായ നിയമനിർമാണവും പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് പുതിയ നികുതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ജൂലൈ 11ന് ചേർന്ന 50ാമത് ജിഎസ്ടി കൗൺസിലിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്.

ഇന്നലെ പ്രത്യേക യോഗം ഓൺലൈനായി ചേർന്നാണ് തീരുമാനം കൈകൊണ്ടത്. നിലവിൽ ഓൺലൈൻ ഗെയിമിംഗിന്റെ മൊത്തം വരുമാനത്തിന് (ഗ്രോസ് ഗെയിമിഗ് റവന്യു ജിജിആർ) 18% ആണ് നികുതി. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ തന്നെ നിയമഭേദഗതി കൊണ്ടുവരും. രാജ്യാന്തര ഗെയിമിംഗ് കമ്പനികൾക്കടക്കം രജിസ്‌ട്രേഷൻ നിർബന്ധമാകും. ഇവയ്‌ക്കും നികുതി ബാധകമായിരിക്കും. നികുതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓൺലൈൻ കമ്പനികളെ വിലക്കും.

പുതിയ നികുതി ഏർപ്പെടുത്തുന്നത് വഴി ഓൺലൈൻ ചൂതുകളി നിരോധിച്ച തമിഴ്‌നാടിന്റെ തീരുമാനം റദ്ദാക്കുമോ എന്ന സംസ്ഥാനത്തിന്റെ ആശങ്കകള്‍ക്ക് മറുപടി നല്‍കിയ കേന്ദ്രം തീരുമാനം റദ്ദാക്കില്ലെന്നും  ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വരി ഭേദഗതിയിൽ ഉൾപ്പെടുത്തുമെന്നും ഉറപ്പ് നല്‍കി. നികുതി നടപ്പാക്കി ആറുമാസത്തിന് ശേഷം വിലയിരുത്തലുണ്ടാകും ഇതിന് ശേഷം ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

 

 

Share
Leave a Comment