തമിഴ് ചലചിത്ര മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത്. സ്‌ക്രീൻ പ്രസൻസ് കൊണ്ടുമാത്രമല്ല ലളിതമായ ജീവിതശൈലി കൊണ്ടും ആരാധകരെ സ്വന്തമാക്കിയ താരം. തല എന്ന് ആരാധകർ വാഴ്‌ത്തുന്ന അജിത്തിന്റെ ഓരോ ചിത്രങ്ങളും ഉത്സവങ്ങൾ പോലെയാണ് തമിഴകത്തെ ആരാധകർ ഏറ്റെടുക്കുന്നത്. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ താരത്തിന് അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും അജിത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ വൈറലാക്കാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഭാര്യ ശാലിനി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ജർമ്മനി… ഡെൻമാർക്ക്… നോർവേ… പോകേണ്ട വഴി’എന്ന അടികുറിപ്പോടെയാണ് യൂറോപ്പിൽ ബൈക്ക് യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രം പങ്കുവെച്ചത്.
അഭിനേതാവ് എന്നതിലുപരി മികച്ച റൈഡർ കൂടിയാണ് തമിഴകത്തെ തല. ഡ്യൂപ്പ് ഇല്ലാതെ സ്റ്റഡ് സീനുകളിൽ അഭിനയിക്കാൻ ഏറെ താൽപ്പര്യവും ആകാംഷയുമാണ് അജിത്തിനുള്ളത്. ‘വലിമൈ’എന്ന ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്തത് ആ സമയത്ത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. തികച്ചും സാധാരണ രീതിയിലാണ് താരത്തിന്റെ ജീവിത യാത്ര.
ബാലതാരമായി വന്ന് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച മലയാളിയുടെ ബേബി ശാലിനി അജിത്തിന്റെ ജീവിതപങ്കാളി ആയതോടെ മലയാളി പ്രേക്ഷകരുടെ മനസ്സിലും അജിത്തും ഇടം നേടി. ഇരുവരുടെയും വിവാഹവും ആരാധകർ വലിയ രീതിയിലാണ് ആഘോഷിച്ചത്. മലയാളത്തിൽ നിന്ന് തമിഴകത്തിലേക്ക് അഭിനയം കുറിച്ച ശാലിനിയ്‌ക്കും തെന്നിന്ത്യയിലും നിരവധി ആരാധകരാണുള്ളത്. അജിത്ത് -ശാലിനി താരദമ്പതികുടെയും കുടുംബത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.
ഗ്രാൻഡ് വേൾഡ് ബൈക്ക് ടൂർ പ്ലാനിന്റെ ഭാഗമായി താരം ഇപ്പോൾ യൂറോപ്പിലാണ്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ തന്റെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് ബെക്ക് യാത്ര നടത്താനാണ് താരത്തിന് ഏറെ താൽപ്പര്യം. അജിത്തിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നുമില്ല. എന്നാൽ ശാലിനി ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം അറിയിച്ചതോടെ ആരാധകർ ആശ്വാസത്തിലാണ്. അജിത്തിന്റെ ചിത്രങ്ങൾ ശാലിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അജിത്തിനെ പുകഴ്‌ത്തിയും ശാലിനിയെ പ്രശംസിച്ചും നിരവധി അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെയ്‌ക്കുന്നത്.
Comments