മുംബൈ; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ എന്ന് പേര് കേൾക്കുമ്പോൾ, ഇതിനൊപ്പം ഉയർന്ന് വരുന്നതാണ് അതിജീവനത്തിനായി താരം പാനിപൂരി വിറ്റ കഥയും. എന്നാൽ താരം ജീവിക്കുന്നതിനായി പാനിപുരി വിറ്റിട്ടില്ലെന്ന് യശസ്വിയുടെ ആദ്യകാല പരിശീലകൻ ജ്വാല സിംഗ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. ദേശീയ മാദ്ധ്യമത്തോടായിരുന്നു മുൻ പരിശീലകന്റെ തുറന്നുപറച്ചിൽ. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇപ്പോൾ വെസ്റ്റ് ഇൻഡീസിലാണ്. ടി20 പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്.
”ജീവിക്കാൻ വേണ്ടി ഞാനും യശസ്വി ജയ്‌സ്വാളും പാനീപുരി വിറ്റിട്ടില്ലെന്ന് വീണ്ടും പറയാം. 2013ലാണ് യശസ്വി എനിക്കൊപ്പം പരിശീലിക്കാൻ തുടങ്ങിയത്. യശസ്വി ജയ്‌സ്വാളുമായി ബന്ധപ്പെട്ട ഇത്തരം കഥകളിൽ അഞ്ച് ശതമാനം മാത്രമാണു സത്യമുള്ളത്. ജയ്‌സ്വാൾ മുംബൈയിലെത്തിയ സമയത്ത് കുറച്ച് ദിവസങ്ങൾ ടെന്റിൽ താമസിച്ചെന്നതു ശരിയാണ്. അവിടെ വൈദ്യുതി, നല്ല ഭക്ഷണം എന്നിവയൊന്നും ലഭിച്ചില്ല. മഴ പെയ്താൽ ആ ടെന്റിൽ വെള്ളം കയറുമായിരുന്നു. കുട്ടിയായിരുന്നപ്പോൾ യശസ്വി കുറച്ച് തെരുവുകച്ചവടക്കാരെ സഹായിച്ചിട്ടുണ്ടാകും. അതിൽനിന്ന് കുറച്ചു വരുമാനവും കിട്ടിക്കാണും.”
”എന്നാൽ യശസ്വി എനിക്കൊപ്പം ചേർന്നതോടെ ഇതെല്ലാം അവസാനിച്ചു. പിന്നീട് എന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്.” ജ്വാല സിംഗ് വെളിപ്പെടുത്തി. അതേസമയം പരിശീലകന്റെ വെളിപ്പെടുത്തലിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020ലെ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയതാണ് യശസ്വി ജയ്‌സ്വാളിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ യശസ്വി 2023 ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയ താരത്തിന് ഏഷ്യൻ ഗെയിംസിനുള്ള ടീമിലും ഇടംകിട്ടി.
















Comments