കൊച്ചി: രാജ്യത്ത് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളിൽ നിരവധി പേർ കേരളത്തിൽ താമസിച്ചുവരുന്നതായി റിപ്പോർട്ടുകൾ. കൊച്ചിയിൽ മുനമ്പം, ചെറായി മേഖലയിലെ വിവിധ ഭാഷാ തൊഴിലാളികൾക്കിടയിലും ബംഗ്ലാദേശികൾ താമസിച്ചുവരുന്നു. നാട്ടുകാർ ബംഗ്ലാദേശികളെന്ന് കണ്ടെത്തിയവരെ പോലീസിന് കൈമാറി. എന്നാൽ, ബംഗ്ലാദേശികളെന്ന് വ്യക്തമായാൽ അതിർത്തി കടത്തിവിടുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ കേസ് ഏറ്റെടുക്കാൻ പോലീസ് തയ്യാറാല്ല. കേരളത്തിലും ബംഗ്ലാദേശി ഭീകരരുണ്ടെന്ന എൻ ഐ എ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.
അസമീസും ബംഗാളികളും ആണെന്ന് കാണിച്ച് വ്യാജ തിരിച്ചറിയൽ രേഖകളിലൂടെയാണ് ബംഗ്ലാദേശികൾ കേരളത്തിൽ താവളമുറപ്പിച്ചിട്ടുള്ളത്. പശ്ചിമബംഗാൾ വഴി നുഴഞ്ഞു കയറിയെത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന ബംഗ്ലാദേശികൾക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കാൻ എല്ലായിടത്തും ഏജന്റുമാരുണ്ട്. 2022 ഓഗസ്റ്റിൽ മുനമ്പം ഫിഷിംഗ് ഹാർബറിൽ നിന്ന് നാല് ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തപ്പോഴായിരുന്നു ബംഗ്ലാദേശികളാണെന്ന് മനസ്സിലായത്. പോലീസിന് കൈമാറിയ ഇവരെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി.
ബംഗ്ലാദേശികളെന്ന് സംശയം തോന്നിയവരെ ഇതിന് ശേഷവും നാട്ടുകാർ തടഞ്ഞ് വച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസവും സംശയം തോന്നി ഒരാളെ ചോദ്യം ചെയ്തപ്പോൾ ബംഗ്ലാദേശിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ സംസ്ഥാനത്തുളളത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ കുറിച്ച് അറിയാമെങ്കിലും തൊഴിലാളി ക്യാമ്പുകളിൽ ഉള്ളവർ ഭയം കാരണം നിഷേധിക്കുകയാണ്. കേരളത്തെ ബംഗ്ലാദേശികൾ സുരക്ഷിത താവളമാക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ചുകൊണ്ടായിരുന്നു ബംഗ്ലാദേശികൾ പിടിയിലായത്.
Comments