ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മക്ക് ഇന്ത്യ എന്ന പേര് ഉപയോഗിച്ചതിന് എതിരെയുള്ള കേസിൽ പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ച് കോടതി. പ്രതിപക്ഷ കക്ഷിയിൽ ഉൾപ്പെടുന്ന 26 കക്ഷികളും നോട്ടീസിൽ വിശദീകരണം നൽകണം. പൊതു താൽപര്യ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രസർക്കാരിനോടും വിഷയത്തിൽ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.
I.N.D.I.A എന്ന പേര് പ്രതിപക്ഷ കൂട്ടായ്മ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ വൈഭവ് സിങ്ങാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. ജൂലൈ 19 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സഖ്യത്തിന്റെ ചുരുക്കപ്പേരിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു.
ക.ച.ഉ.ക.അ യ്‌ക്ക് ‘ഇന്ത്യ’ എന്ന ചുരുക്കപേര് ഉപയോഗിക്കുന്നത് രാഷ്‌ട്രീയ നേട്ടത്തിനും സാധാരണക്കാരനിൽ നിന്നും സഹതാപ വോട്ട് നേടാനും വേണ്ടിയാണെന്നാണ് ഹർജിക്കാരന്റെ വാദം. അത് പതുക്കെ രാഷ്‌ട്രീയ കലാപത്തിലേക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയും ഹർജിക്കാരൻ ഉയർത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതെയാണ് പ്രതിപക്ഷ കൂട്ടായ്മ ഈ പേര് ഉപയോഗിക്കുന്നതെന്നും ഹർജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷം കൂട്ടായ്മക്ക് ഇന്ത്യ എന്ന് പേര് നൽകിയതിനെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു.
Comments