തിരുവനന്തപുരം: ആസൂത്രിതമായി ഒരു വിഭാഗത്തെ അധിക്ഷേപിക്കാനുള്ള പദ്ധതിയാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ തല്ലിക്കെടുത്തുക എന്നത് പാർട്ടിയുടെ പതിവ് പരിപാടിയാണെന്നും ക്ഷേത്രങ്ങളും വിശ്വാസങ്ങളും മിത്താണെങ്കിൽ എന്തിനാണ് ദേവസ്വം ബോർഡിന്റെ പണം സർക്കാരെടുക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആസൂത്രിതമായ ഹിന്ദുവേട്ടയാണിത്. ഹിന്ദുവിശ്വാസത്തെ തല്ലിത്തകർക്കാൻ പലപ്പോഴും സിപിഎം ശ്രമിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നങ്ങളുടെ കാലത്തും ഇത് തന്നെയാണ് ഉണ്ടായത്. ഗുരുവായൂരപ്പന്റെ മുന്നിൽ ചെന്ന് ആ വിളക്ക് കാണുന്നിടത്താണോ ആശാൻ ഇരിക്കുന്നതെന്ന് ചോദിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പാക്കാൻ തിടുക്കം കാണിച്ച മുഖ്യമന്ത്രി. എല്ലാ ക്ഷേത്രങ്ങളും വിശ്വാസങ്ങളും മിത്താണെങ്കിൽ എന്തിനാണ് ദേവസ്വം ബോർഡിന്റെ പണം സർക്കാരെടുക്കുന്നത്. ദേവസ്വം ഭരണം എന്തിനാണ് നടത്തുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ തല്ലിക്കെടുത്തുക എന്നുള്ളത് പാർട്ടിയുടെ പതിവ് പരിപാടിയായി മാറികൊണ്ടിരിക്കുകയാണ്. നാമജപയാത്ര നടത്തിയവർക്കെതിരെ കേസെടുക്കുന്നു. എന്നാൽ മതഭീകരവാദ ശക്തികൾക്കെതിരെ കേസില്ല. ആയുധ പരിശീലന കേന്ദ്രങ്ങളിൽ കേസില്ല, ഭീകരവാദ സംഘടനകൾക്കെതിരെ കേസില്ല, ഇത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വിരുദ്ധമായാണ് നടക്കുന്നത്. ഗോവിന്ദൻ വാക്ക് മാറ്റി പറഞ്ഞത് കൊണ്ട് കാര്യമില്ല ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുക തന്നെ ചെയ്യണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഷംസീറിന്റെ മതനിന്ദാ പരാർശം ഹിന്ദു സമാജത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന പരമാർശത്തിൽ നിന്ന് ഒരിഞ്ച് പോലും പുറകിലേക്ക് പോകില്ലെന്ന സിപിഎമ്മിന്റെ നിലപാട് ഒരു സമൂഹത്തിനെതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. അങ്ങേയറ്റം ധിക്കാരപരമായ നിലപാടാണ് സിപിഎം ആവർത്തിക്കുന്നത്. ഒരു മതത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മനഃപൂർവ്വം നടത്തിയ പരാമർശമാണിത്. നിയമവ്യവസ്ഥ അനുസരിച്ച് ഏതൊരു മതത്തെയും ആചാരങ്ങളെയും പരസ്യമായി അപമാനിക്കുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണ്. സമൂഹത്തിന് അസ്വസ്ഥത ഉണ്ടാക്കുക. കലാപത്തിന് ആഹ്വാനം ചെയ്യുക, മതസ്പർദ്ധ വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഷംസീറിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വസ്തുതയ്‌ക്ക് നിരക്കാത്ത പരാമർശങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു.
















Comments