സുഗ്രീവന് വേണ്ടി ബാലിയെ വധിക്കാം എന്ന് ശ്രീരാമനും ശ്രീരാമനുവേണ്ടി നാനാദിക്കിലും ദൂതന്മാരെ വിട്ട് സീതാന്വേഷണം നടത്താമെന്ന് സുഗ്രീവനും വാഗ്ദാനം ചെയ്തു. മണ്ണിനുവേണ്ടി ഊഴി കുഴിച്ചപ്പോൾ നിധി കിട്ടിയ അവസ്ഥയിലായിരുന്നു സുഗ്രീവൻ. ബാലിയുമായി തട്ടിച്ചു നോക്കുമ്പോൾ സ്വതേ ബലഹീനനാണ്. അനുജൻ ശ്രീരാമന്റെ ധൈര്യത്തിൽ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. ദേവന്ദ്രൻ കൊടുത്ത മാലബാലിയും ശ്രീരാമൻ കൊടുത്ത മാല സുഗ്രീവനും ധരിച്ച് തീ പാറുന്ന പോരാട്ടം. ഇടയ്‌ക്ക് സുഗ്രീവൻ ഒന്ന് തളർന്നപ്പോൾ ശ്രീരാമൻ ബാലിക്ക് നേരെ അസ്ത്രം പ്രയോഗിച്ചു.
ശ്രീരാമന്റെ ഒളിയമ്പിനാൽ താൻ മരണവക്ത്രത്തിൽ ആണെന്ന് മനസ്സിലാക്കിയ ബാലി ശ്രീരാമനോട് പരിഭവം പറയുന്നു.
“ലങ്കാപുരത്തെ ത്രികൂടാചലത്തോടു
ശങ്ക വിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാൻ അരനാഴിക കൊണ്ടു
നിന്നന്തികേ വെച്ചു തൊഴുതേനുമാദരാൽ..”
സുഗ്രീവനെക്കാൾ ബലം തനിക്കല്ലേ എന്ന അഹങ്കാരത്തോടുകൂടിയുള്ള വാക്കുകൾ കേട്ട് ശ്രീരാമൻ സമാധാനം പറഞ്ഞു. നിനക്ക് അതിനുള്ള കഴിവുണ്ടെന്ന് അറിയാം. എന്നാൽ സഹോദരപത്നിയായ രുമയെ ഭാര്യയായി സ്വീകരിച്ചു, സ്വന്തം അന്തപുരത്തിലാക്കിയതിന് ശിക്ഷ.. സഹോദര ഭാര്യയെ അമ്മയെപ്പോലെ കാണണമെന്ന് സദാചാരബോധം നിനക്ക് നശിച്ചിരിക്കുന്നു തെറ്റ് ബോധ്യപ്പെട്ട ബാലി ശ്രീരാമ പാദത്തിൽ ആശ്രയം നേടി. ശ്രീരാമദേവൻ ബാലിയുടെ ശിരസ്സിൽ തഴുകി തലോടി ഭഗവത്പാദത്തിൽ കിടന്ന് ഭഗവാന്റെ മുഖം ദർശിച്ച് ഭഗവാന്റെ തലോടൽ ഏറ്റുവാങ്ങിക്കൊണ്ട് മരിക്കാൻ ബാലിക്ക് കഴിഞ്ഞു..
ഭർത്താവിന്റെ വേർപാട് അറിഞ്ഞ് പാഞ്ഞു വന്ന ബാലീയുടെ പത്നി താര ശ്രീരാമനെ കണ്ട് പരിഭവം പറഞ്ഞു. താരക്ക് ബ്രഹ്മോപദേശം നൽകി ഭഗവാൻ അനുഗ്രഹിച്ച ആശ്വസിപ്പിച്ചു..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments