കർക്കടക മാസത്തിൽ ഇലകൾ കൊണ്ടുള്ള പായസം; പഞ്ചദള കർക്കടക പായസം തയാറാക്കുന്ന വിധം

Published by
Janam Web Desk

കർക്കടക മാസത്തിൽ ഔഷധ കഞ്ഞി കഴിക്കുക എന്നത് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഈ സമയം ഇലകൾ കഴിക്കുക എന്നതും. ഇതിൽ കർക്കടക മാസം കഴിക്കാവുന്ന ഇലകൾ ഏതെല്ലാം കഴിക്കാൻ പാടില്ലാത്തവ ഏതെല്ലാം എന്നിങ്ങനെയുള്ള വ്യത്യാസങ്ങളുമുണ്ട്. ഇലകൾ കൊണ്ട് കറികളും മറ്റ് പല വിഭവങ്ങളും തയാറാക്കുന്നത് നമുക്കറിയാം. ഇപ്പോഴിതാ കർക്കടക മാസത്തിൽ കഴിച്ചിരിക്കേണ്ട ഇലകൾ കൊണ്ടൊരു പായസം. പഞ്ചദള കർക്കടക പായസം എന്നാണ് ഈ വിഭവം അറിയപ്പെടുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒന്നാണ് ഇതിന്റെ രുചി. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ അഞ്ച് ഇലകളാണ് പായസത്തിലെ പ്രധാന ചേരുവ.

ആവശ്യമായ ചേരുവകൾ

  • തഴുതാമയില- കാൽ കപ്പ് (ഇല മാത്രം)
  • പനിക്കൂർക്ക ഇല- കാൽ കപ്പ്
  • മുള്ളൻ ചീരയില – കാൽ കപ്പ്
  • ചെറൂള – കാൽ കപ്പ് (ഇതിലുള്ള വെളുത്ത നിറത്തിലെ പൂവ് കൂടി എടുക്കാവുന്നതാണ്)
  • കറുക – കാൽ കപ്പ് ( വേര് കളഞ്ഞ് മുകൾ ഭാഗം മാത്രം എടുക്കുക)
  • ശർക്കരപാനി- രണ്ട് ഗ്ലാസ്
  • നുറുക്ക് ഗോതമ്പ് – മൂന്ന് ടേബിൾ സ്പൂൺ (അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചത്)
  • തേങ്ങയുടെ രണ്ടാം പാൽ -നാല് ഗ്ലാസ്
  • തേങ്ങയുടെ ഒന്നാം പാൽ – രണ്ട് ഗ്ലാസ്
  • ഏലക്ക -രണ്ട്
  • കശുവണ്ടി, ബദാം – രണ്ട് ടേബിൾ സ്പൂൺ (കുതിർത്ത് അരച്ചത്)
  • നെയ്യ് – 25 ഗ്രാം
  • കശുവണ്ടി, കിസ്മിസ് – 10 എണ്ണം

തയാറാക്കുന്ന വിധം

അഞ്ച് ഇലകളും ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയിൽ ഒഴിച്ച് അരിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അൽപ്പം നെയ്യ് ഒഴിച്ച ശേഷം ഇലകൾ അരച്ച വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക. തിളച്ച് വരുന്ന ഇതിലേക്ക് നുറുക്ക് ഗോതമ്പ് ചേർത്ത് വേവിക്കുക. ഗോതമ്പ് വെന്ത് വെള്ളം പറ്റുമ്പോഴേക്കും ഇതിലേക്ക് ശർക്കരപാനി ചേർക്കുക. ഇവ തിളച്ച് വരുമ്പോൾ രണ്ടാം പാൽ ചേർക്കുക. തേങ്ങാ പാൽ കുറുകി വരുമ്പോൾ ഇതിലേക്ക് അരച്ച് വെച്ച കശുവണ്ടി ബദാം എന്നിവ ചേർക്കുക. തേങ്ങാ പാൽ വറ്റി പകുതി ആകുമ്പോൾ ഏലക്ക പൊടി ചേർത്ത് തീ ഓഫ് ചെയ്യുക. ശേഷം ഒന്നാം പാൽ ചേർത്ത് ഇളക്കിയ ശേഷം കുറച്ച് സമയം അടച്ച് വെക്കുക. വിളമ്പുന്നതിന് മുമ്പായി അൽപ്പം കശുവണ്ടിയും കിസ്മിസും വറുത്ത് മുകളിൽ വിതറാവുന്നതാണ്.

Share
Leave a Comment