ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെത്തിയ താരമാണ് റിങ്കു സിംഗ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ റിങ്കു സിംഗ് എന്ന ഉത്തർപ്രദേശുകാരൻ ഇന്ത്യൻ ടീമിന് സമ്മാനിച്ചത് അതിശയിപ്പിക്കും വിധത്തിലുള്ള പ്രകടനമാണ്. 26-കാരൻ ഇപ്പോൾ അയർലൻഡിനെതിരായ പരമ്പരയിലും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയിരിക്കുകയാണ്.
വളരെയധികം കഷ്ടപ്പാടുകൾക്ക് നടുവിലാണ് റിങ്കു തന്റെ ജീവിതം കെട്ടിപ്പടുത്തത്. മുൻപ് അച്ഛനും സഹോദരങ്ങൾക്കും ഒപ്പം വീടുകൾ തോറും ഗ്യാസ് സിലിണ്ടറുകൾ എത്തിച്ച് നൽകുന്ന ജോലിയായിരുന്നു റിങ്കുവിന്. സ്വപ്‌നതുല്യമായ നേട്ടങ്ങൾ കൈവരിച്ച്, ജീവിതത്തിൽ മുന്നേറുന്നതിനിടെയിലും തന്റെ അച്ഛൻ ആ തൊഴിൽ തുടരുന്നതിൽ താരം പരിഭവം പങ്കുവെയ്‌ക്കുന്നു. ഗ്യാസ് സിലിണ്ടറുകളും ചുമന്ന് വീടുകൾ തോറും കയറിയിറങ്ങുന്നത് അച്ഛൻ ഖാൻചന്ദ് ഇതുവരെ നിർത്തിയിട്ടില്ല. ഇനി ഒന്ന് വിശ്രമിക്കാൻ പപ്പയോട് പലതവണ പറഞ്ഞതാണെന്നും എന്നാൽ അദ്ദേഹം അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും താരം പറയുന്നു. ഗ്യാസ് സിലിണ്ടർ ചുമക്കുന്ന ജോലി അദ്ദേഹം ഇന്നും ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരിയെന്ന് തോന്നുമെന്നും റിങ്കു പറഞ്ഞു. വീട്ടിൽ വിശ്രമിക്കാൻ തുടങ്ങിയാൽ ആ ജീവിതം പെട്ടെന്നുതന്നെ അദ്ദേഹത്തിന് മടുക്കും. അതുകൊണ്ട് തന്നെ ഇഷ്ടമുള്ളത് ചെയ്യുന്നതാണ് നല്ലതെന്നും തോന്നും. ജീവിതത്തിൽ ഇത്രയും കഷ്ടതകൾ അനുഭവിച്ച് ഒരാളല്ലെ, ജോലി നിർത്തണമെന്ന് അച്ഛനോട് പറയുക ബുദ്ധിമുട്ടാണ്-റിങ്കു പറഞ്ഞു.
മൂന്ന് ഐപിഎൽ സീസണുകളും ആഭ്യന്തര ക്രിക്കറ്റും റിങ്കുവിന് സമ്മാനിച്ചത് സ്വന്തമായി വീട് എന്ന സ്വപ്‌നമാണ്. ഇപ്പോൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഒരു വീട്ടിലാണ് താരം കഴിയുന്നത്. കളിച്ച് വളർന്ന അലിഗഡിലെ ഗ്രൗണ്ടിനോട് ചേർന്ന് ഹോസ്റ്റൽ പണിയുകയാണ് റിങ്കു. ക്രിക്കറ്റിനോട് താത്പര്യമുള്ള നാട്ടിലെ നിർധനരായ 15-ഓളം ആൺകുട്ടികൾക്ക് ഇവിടെ താമസിച്ച് കോച്ചായ അമിനിയുടെ കീഴിൽ പരിശീലിക്കാനുള്ള അവസരമാണ് താരം നൽകുന്നത്.
















Comments