കർക്കിടകമാസം ആത്മീയപരമായും ആരോഗ്യപരമായും വളരെയധികം പ്രാധാന്യമുള്ള മാസമാണ്. രാമായണ മാസം എന്നറിയപ്പെടുന്ന ഈ മാസത്തിൽ ഹൈന്ദവ ഭവനങ്ങൾ രാമായണ ശീലുകളാൽ നിറയുന്നു. പലവിധത്തിലുള്ള ഔഷധരീതികളുടെയും കൂടി പ്രചാരമാസം കൂടിയാണ് കർക്കിടകം. ഇവയെല്ലാം നമുക്ക് നൽകുന്നത് ആരോഗ്യപരമായ ഗുണങ്ങളാണ്. ഇതിൽ കർക്കിടക ചാന്തിലെ മുക്കുറ്റിചാന്തിനും പറയാനുണ്ട് ചില ആരോഗ്യപരമായ കാര്യങ്ങൾ..
കർക്കിടക മാസത്തിലെ ചിട്ടകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റിച്ചാന്ത്. മുക്കുറ്റി പാടത്തും പറമ്പിലും സുലഭമായി വളരുന്ന ഒന്നാണ്. ചെറിയ മഞ്ഞപ്പൂക്കളുള്ള ഈ ചെടിയുടെ ഇലകൾ കൈകളിൽ വെച്ച് അരച്ച് പിഴിയും. ശേഷം ഈ പച്ചനിറത്തിലെ കട്ടിയുള്ള നീര് നെറ്റിയിൽ സ്ത്രീകൾ തൊടുന്ന ശീലം പണ്ട് മുതൽക്കെ ഉണ്ടായിരുന്നു. കർക്കിടകമാസത്തിലെ ആദ്യ ഏഴ് ദിനങ്ങളിലാണ് മുക്കുറ്റിച്ചാന്ത് അല്ലെങ്കിൽ മുക്കുറ്റിപ്പൊട്ട് സ്ത്രീകൾ തൊടുന്നത്.
മുക്കുറ്റിയ്‌ക്ക് അത്തരത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. മുക്കുറ്റിച്ചാന്ത് തിരുനെറ്റിയിൽ തൊടുന്നതിന് പിന്നിലും ഇത്തരത്തിലുള്ള ആരോഗ്യകരമായ വസ്തുതകളുണ്ട്. നെറ്റിയിൽ പൊട്ട് തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്രഭാഗമാണ്. ഇവിടെ പൊട്ട് തൊടുന്നതിലൂടെ ഈ പ്രത്യേകഭാഗം ഉത്തേജിതമാകുകയും ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. രോഗസാദ്ധ്യതകൾ ഏറെയുള്ള മാസമായതിനാൽ തന്നെ മുക്കുറ്റി ഇത്തരത്തിൽ തൊടുന്നത് ശരീരത്തിന് ഗുണകരമാണ്.
സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്ന സസ്യമാണ് മുക്കുറ്റി. ആയുർവേദത്തിൽ പരാമർശിക്കുന്നത് പോലെ വാത, പിത്ത കഫ രോഗങ്ങൾ നീക്കാൻ മുക്കുറ്റി സഹായിക്കും. പ്രമേഹരോഗികൾ മുക്കുറ്റി ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്‌ക്കുന്നിതിലൂടെ പ്രമേഹം നിയന്ത്രിക്കാനാകും. ഇതിന്റെ ഇലകൾ വെറും വയറ്റിൽ ചവച്ചരച്ച് കഴിക്കുന്നതും നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മുക്കുറ്റി നല്ലതാണ്.
















Comments