പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണോ നിങ്ങൾ; എങ്കിൽ ഓഗസ്റ്റ് അഞ്ച് മുതൽ വരുന്ന ഈ മാറ്റങ്ങൾ കൂടി അറിഞ്ഞോളൂ

Published by
Janam Web Desk

വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് ഏറ്റവും പ്രധാനമായി വേണ്ട രേഖയാണ് പാസ്‌പോർട്ട്. ഒട്ടുമിക്ക എല്ലാവരും തന്നെ വിദേശ യാത്രയ്‌ക്ക് പ്ലാൻ ചെയ്തിട്ടില്ല എങ്കിൽ കൂടി പാസ്‌പോർട്ട് എടുത്ത് വെയ്‌ക്കാറുണ്ട്. എന്നാൽ ഇനി പാസ്‌പോർട്ട് എടുക്കാൻ ആലോചിക്കുന്നവരാണ് നിങ്ങളെങ്കിൽ പ്രധാനമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഓഗസ്റ്റ് അഞ്ച് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പുതിയതായി പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർ നിർബന്ധമായും ഇനി ഡിജിലോക്കർ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഓഗസ്റ്റ് അഞ്ച് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജി ലോക്കറിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം.  wwww.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി ഉപയോക്താവ് ഡിജിലോക്കറിൽ ആവശ്യമായ രേഖകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

ഇത്തരത്തിൽ ചെയ്യുന്നതോടെ സേവാ കേന്ദ്രത്തിലെ സമയം ലാഭിക്കാനാകും. കൂടാതെ ഡിജി ലോക്കറിൽ യഥാർത്ഥ രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ രേഖകൾ കയ്യിൽ കരുതേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഡിജി ലോക്കർ മുഖേന ആധാർ രേഖകൾ സ്വീകരിക്കുന്നത് സംബന്ധിച്ചും മന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്. അപേക്ഷിക്കുന്ന വ്യക്തി ഇന്ത്യയിലെ തമാസക്കാരനാണ് എന്നതിനുള്ള തെളിവായി സ്വീകരിക്കുന്ന രേഖകളുടെ ലിസ്റ്റും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരൻ ആണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖയായി സമർപ്പിക്കാവുന്നതാണ്. പാൻ കാർഡുകൾ, ആധാർ കാർഡുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ പ്രധാന രേഖകൾ സംരക്ഷിക്കാൻ ഡിജിലോക്കർ ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ ഡിജി ലോക്കർ ഉപയോഗിക്കാനാകും.

Share
Leave a Comment