യൂട്യൂബറെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്‌ക്കെതിരെ കേസ്. ‘ചെകുത്താൻ’ എന്ന പേരിൽ അശ്ലീല പരാമർശങ്ങളോടെ വീഡിയോകൾ ചെയ്യുന്ന അജു അലക്‌സിനെ താരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇയാളുടെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദർ പോലീസിൽ പരാതി നൽകി. ബാലയ്‌ക്കെതിരെ വീഡിയോ ചെയ്തതിന്റെ വിരോധമാണ് ഭീഷണിയ്‌ക്ക് പിന്നിലെന്നാണ് യൂട്യൂബറുടെ ആരോപണം.
താമസിക്കുന്ന വീട്ടിലെത്തി സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും അജു ആരോപിക്കുന്നു. ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയും മറ്റൊരാളും ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാൾ പരാതിയിൽ പറയുന്നു. വഴി കാണിച്ച് കൊടുക്കാനാണ് സന്തോഷ് എത്തിയത്. കഴിഞ്ഞ ദിവസം സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു.
യൂട്യൂബർ തന്റെ വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരെയാണ് തന്റെ പ്രതികരണമെന്ന് ബാലയും പറഞ്ഞു. നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓർത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്‌ക്കൂ, ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയിൽ പറയുന്നു. വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ചീത്ത വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും അജുവിന്റെ വീട്ടിലെത്തി സുഹൃത്തിനോട് ബാല പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Comments