തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്ടർ ഉൾപ്പെടെ പറക്കാൻ അനുവദിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ. നിലവിൽ ഡ്രോണുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഹെലികോപ്ടറുകൾക്കും വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സംഭവത്തിൽ ഡിജിപിക്ക് ശുപാർശ നൽകി കമ്മീഷണർ. സ്വകാര്യ ഹെലികോപ്ടർ ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നതിനെ തുടർന്നാണ് നടപടി.
ജൂലൈ 28 രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവശ്യം ഹെലികോപ്ടർ പറന്നത്. ക്ഷേത്രത്തിന് സുരക്ഷാ ഭീക്ഷണി ഉള്ളതിനാൽ ക്ഷേത്രത്തിന്റെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെയോ സുരക്ഷാ ഏജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടർ പറത്തിയത്. ഇത് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ലംഘനമാണ്. സംഭവത്തെ തുടർന്ന് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
വ്യോമയാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളള പ്രദേശമായതിനാൽ പിന്നിൽ ദുരൂഹതയും ഗൂഢോദ്ദേശ്യവും ഉള്ളതായി സംശയം ഉണ്ടായിരുന്നു. അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടർ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും കസ്റ്റഡിയിലെടുക്കണമെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനെ തുടർന്നാണ് നടപടി.
















Comments