തിരുവനന്തപുരം: റേഷൻ മുഖം മിനുക്കാനായി സർക്കാർ അവതരിപ്പിച്ച കെ-സ്റ്റോർ പദ്ധതി സമ്പൂർണ പരാജയം. വലിയ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി പ്രകാരം ജനങ്ങൾക്ക് യാതൊരുവിധ ഉപയോഗം ലഭിക്കുന്നില്ലെന്നാണ് പരാതി. സാധനവുമില്ല, സേവനവുമില്ലാ എന്ന അവസ്ഥയിലാണ് തിരഞ്ഞെടുത്ത റേഷൻ കടകൾ. വരുമാനമില്ലാതായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറിയിരിക്കുകയാണ്.
റേഷൻ കടകളോടനുബന്ധിച്ച് കൂടുതൽ അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം മുൻപ് കെ-സ്റ്റോറുകൾക്ക് സർക്കാർ തുടക്കം കുറിച്ചത്. സപ്ലൈകോ ഉത്പന്നങ്ങൾക്ക് പുറമേ ശബരി, മിൽമ ഉത്പന്നങ്ങൾ, 10,000 രൂപ വരെയുള്ള മിനി ബാങ്കിംഗ് സംവിധാനം, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള ഗ്യാസ് കണക്ഷൻ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ റേഷൻകടകൾ വഴി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതും എന്നത്തെയും പോലെ തന്നെ പ്രഖ്യാപനം മാത്രമായി ചുരുങ്ങുകയായിരുന്നുവെന്നതാണ് വസ്തുത.
നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും ക-സ്റ്റോറുകളിൽ എത്തിയിട്ടില്ല. സപ്ലൈകോ മാവേലിയിൽ നൽകുന്ന സബ്സിഡി സാധനങ്ങൾ ലഭിക്കുമെന്ന് കെ-സ്റ്റോർ തുടങ്ങിയ റേഷൻകടയുടമകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശബരിസാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അതിൽ മിക്കവയും വൻ വിലയ്ക്കാണ് വിൽപന നടത്തുന്നത്. വെളിച്ചെണ്ണയ്ക്ക് 165 രൂപ വരെയാണ് വില. മിൽമയുടെ ഉത്പന്നങ്ങൾ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പേരിൽ മാത്രമായി ഒതുക്കുകയായിരുന്നു. 50,100 ഗ്രാം വീതമുള്ള നെയ്യ്, പായസത്തിനുള്ള പാലടമിക്സ് എന്നിങ്ങനെയുള്ള സാധനങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മിനി ബാങ്കും അക്ഷയ സേവന കേന്ദ്രവും എന്നത്തെയും പോലെ വാക്കിൽ ഒതുക്കി.
Comments