കാസർക്കോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ആളുമാറി കൈപ്പറ്റിയ വയോധിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. കാസർകോട് പെരിയയിലാണ് സംഭവം. പെരിയ പുളിക്കാൽ മഠത്തിൽ കോളനിയിലെ കുമ്പയാണ് സർക്കാർ ജീവനക്കാരുടെ അശ്രദ്ധ മൂലം നിയമനടപടി നേരിടേണ്ടി വരുന്നത്. വയോധികയ്‌ക്കതിരെ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റത്തിന് പോലീസിൽ പരാതി നൽകുമെന്നാണ് റവന്യൂ അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
പെരിയ മേപ്പാട്ടെ പരേനായ നാർക്കളന്റെ ഭാര്യ കുമ്പയ്‌ക്കാണ് യഥാർത്ഥത്തിൽ തുക റവന്യൂവകുപ്പ് നൽകേണിയിരുന്നത്. എന്നാൽ ഈ തുകയാണ് ആളുമാറി പുളിക്കൽ കോളനിയിലെ കുമ്പയ്‌ക്ക് കൊടുത്ത്. തുക വീടിന്റെ ലോൺ അടയ്‌ക്കാൻ ഉപയോഗിച്ചതിനാൽ തിരിച്ചടയ്‌ക്കാൻ കാശില്ലാത്ത അവസ്ഥയിലാണിപ്പോൾ വയോധിക.
തുക കൈമാറി കാലങ്ങൾ കഴിഞ്ഞ് യഥാർത്ഥ അവകാശികൾ സഹായധനമായി അനുവദിച്ച തുകയ്‌ക്കായി അധികൃതരെ സമീപിച്ചപ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ അബദ്ധം മനസിലാകുന്നത്. തങ്ങൾക്ക് നൽകിയ ധനസഹായം എന്ന ധാരണയിൽ കൈപ്പറ്റിയ തുകയിൽ നിന്ന് മൂന്നര ലക്ഷം രൂപ ബാങ്കിലെ കടം വീട്ടാൻ കുമ്പയുടെ കുടുംബം ഇതിനോടകം തന്നെ ഉപയോഗിച്ചിരുന്നു. ബാങ്കിൽ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ അധികൃതർ തിരിച്ചുപിടിച്ചു. നിലവിൽ ബാക്കി തുക ഉടൻ സർക്കാരിലെക്ക് തിരിച്ചടയ്‌ക്കണമെന്നാണ് കുമ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പണം തിരിച്ചടയ്‌ക്കാൻ നിവർത്തിയുമില്ലാതെ വലയുകയാണ് കുമ്പയുടെ കുടുംബം. തങ്ങൾക്ക് അവകാശമില്ലാത്ത തുകയാണെന്ന് അറിയാതെയാണ് പണം ഉപയോഗിച്ചതെന്നാണ് കുമ്പ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വയസ്സുകാലത്ത് നിയമനടപടി നേരിടേണ്ട ഗതികേടിലാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു,
Comments