എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇയാളെ അദ്ധ്യാപക സേവനത്തിൽ നിന്ന് പിരിച്ചുവിട്ടത്. നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പ്രതിയെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിലൂടെ അറിയിച്ചു. കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായ രാജു സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സന്ദീപിന്റെ ഭാഗത്ത് നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അദ്ധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
സന്ദീപിൽ നിന്നുമുണ്ടായ കുറ്റകൃത്യം പൊതുവിദ്യാഭ്യാസ വകുപ്പിന്മേലുള്ള മതിപ്പ് കുറച്ചെന്നും അദ്ധ്യാപക സമൂഹത്തിന് മുഴുവനും അപമാനം വരുത്തുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രതി മദ്യത്തിന് അടിമ ആണെന്നും മുമ്പ് ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഇആർ അദ്ധ്യായം 14 എ ചട്ടം 65 (7) പ്രകാരം ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇന്ന് വൈകിട്ടാണ് ഉത്തരവായത്. ഇയാളെ മുമ്പും സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. സന്ദീപിന് ഭാവിയിൽ സർക്കാർ നിയമനങ്ങൾക്ക് യോഗ്യത ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്രതി മറ്റൊരു കേസിൽ സസ്‌പെൻഷനിൽ ഇരിക്കെയാണ് കൊലപാതകം നടത്തിയത്.
ഈ കഴിഞ്ഞ മെയ് 10-ന് പുലർച്ചെയാണ് ഡോ വന്ദനാ ദാസിനെ ജോലിക്കിടെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ ആക്രമണത്തിൽ ഹോംഗാർഡ് അലക്‌സ് കുട്ടിയുടെ തലയ്‌ക്ക് ആറ് കുത്താണ് ഏറ്റത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളത്.
Comments