ഓൺലൈൻ മുഖേന പണമിടപാടുകൾ നടത്താം എന്ന സാഹചര്യം നിലവിൽ വന്നതോടെ കയ്യിൽ പണം കരുതി നടക്കുന്നവർ ചുരുക്കമായി. ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി യുപിഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽ നിന്നായിരിക്കും യുപിഐ ഇടപാടുകൾ നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് മറ്റൊരു സേവനം കൂടി ലഭ്യമായിരിക്കുകയാണ്. ഇനി മുതൽ ക്രെഡിറ്റ് കാർഡ് മുഖേന ഗൂഗിൾ പേയിൽ ഉൾപ്പെടെ യുപിഐ സേവനം ലഭ്യമാകും.
നിലവിൽ ഇത് എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചിട്ടില്ല. നിർദ്ദിഷ്ട ബാങ്കുകൾ നൽകുന്ന റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ പേയിൽ ക്രെഡിറ്റ് കാർഡ് മുഖേന എങ്ങനെ ഇടപാടുകൾ നടത്താം എന്ന് നോക്കാം.
ഇത്തരത്തിൽ ഇടാപാടുകൾ നടത്തുന്നതിനായി ഉപയോക്താവിന്റെ പക്കൽ ആക്ടീവ് ആയിട്ടുള്ള ഗൂഗിൾ പേ അക്കൗണ്ടും നിർദ്ദിഷ്ട ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാർഡും ഉണ്ടായിരിക്കണം. ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും ഇത്തരത്തിൽ ആക്ടീവും അതുപോലെ തന്നെ ബാങ്കുമായി ബന്ധിപ്പിച്ചതുമായിരിക്കണം. ആദ്യം ഗൂഗിൾ പേ ആപ്ലിക്കേഷൻ എടുത്തതിന് ശേഷം സെറ്റിംഗ്‌സ് മാറ്റുന്നതിനായി പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിൽ നിന്നും റൂപേ ക്രെഡിറ്റ് കാർഡ് ചേർക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ബാങ്ക് ഏതെന്ന് തിരഞ്ഞെടുക്കുക. അവസാനം ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുക. നടപടികൾ പൂർത്തിയാകുന്നതോടെ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേ ഉപയോഗിച്ച് തുടങ്ങാം.
നിലവിൽ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾക്കാണ് ഈ സേവനം ലഭ്യമാകുക. അധികം വൈകാതെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡിലും സേവനം ലഭ്യമാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments