ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20യിലെ തോൽവിയ്‌ക്ക് പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരം ഇന്ന് രാത്രി ഏട്ട് മണി മുതൽ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കും. ഡിഡി സ്‌പോർട്‌സിലും ഫാൻകോഡ് ആപ്പിലും മത്സരം തത്സമയം കാണാം. 5 മത്സരങ്ങളുളള പരമ്പരയിൽ 1-0 ത്തിന് പിന്നിലാണ് ഇന്ത്യ. നാല് റൺസിനാണ് ആദ്യമത്സരത്തിൽ ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് 149 റൺസ് മാത്രമെ എടുക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും ഇന്ത്യയെ പരാജയപ്പെടുത്താനായി.
ബോളിംഗ് നിര ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ബാറ്റിംഗ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇന്ത്യയ്‌ക്ക് തലവേദനയാണ്. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ എന്നീ മുൻനിരയിൽ ആർക്കും വലിയ സ്‌കോർ കണ്ടെത്താനായില്ല. ഒന്നാം ട്വന്റി20യിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച തിലക് വർമ്മയിൽ ടീം പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ 39 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ബാറ്റിംഗ് ശക്തിപ്പെടുത്താനായി ടീമിലെടുത്ത യുവതാരം യശ്വസി ജയ്‌സ്വാളിന് ഇന്ന് അവസരം ലഭിച്ചേകും.
ആദ്യ മത്സരത്തിൽ ജയിച്ചതിന്റെ ഊർജ്ജവുമായാണ് രണ്ടാം മത്സരത്തിന് വിൻഡീസ് ഇറങ്ങുന്നത്. ക്യാപ്റ്റൻ റോവ്മാവൻ പവൽ, നിക്കോളാസ് പുരാൻ, കൈൽ മേയേഴ്‌സ്, ഷിമ്രോൺ ഹെയ്റ്റ് മേയർ തുടങ്ങിയ ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളാണ് ടീമിന്റെ കരുത്ത്. ഒബൈദ് മക്കോയ്, റൊമാരിയോ ഷെപ്പേഡ്, ജയ്‌സൻ ഹോൾഡർ എന്നിവരുടെ ബോളിംഗ് നിര വിൻഡീസിനെ അപകടകാരികളാക്കുന്നു.
Comments