താമസ സ്ഥലമായ ഭണ്ഡാരയ്‌ക്കുള്ളിലെ ശിവപാർവ്വതി വിഗ്രഹത്തിനു മുമ്പിൽ രാത്രിയിൽ പാട്ടും കൂത്തും തകർക്കുകയാൽ ഉറക്കം ശരിയായില്ല. ഉത്തരേന്ത്യയിൽ എന്തും ആഘോഷമാണ്. പാട്ടുപാടി നൃത്തമാടി ആഘോഷിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല. ഏത് ഉന്നതനും ഭക്തിയുടെ ആനന്ദസാഗരത്തിൽ ആറാടുമ്പോൾ പദവി പ്രശ്നമല്ല. നമ്മുടെ ഈഗോ ഇതിനൊന്നും അനുവദിക്കില്ല.
അമർനാഥ്ദർശനമെന്ന സ്വപ്നവുമായി ഉറങ്ങാൻ കിടന്നതിനാൽ ഉറക്കത്തിലും മഹാദേവൻ ദർശനം തന്നു.
വെളുപ്പിന് 2 മണി മുതൽ യാത്രികരുടെ ഒഴുക്ക് തുടങ്ങിയിരിക്കുന്നു എന്ന് ഭണ്ഡാരയുടെ പുറത്തുള്ള ശബ്ദങ്ങളിൽ നിന്നും മനസ്സിലായി.അർദ്ധ മയക്കത്തിൽ അല്പനേരം കൂടി കിടന്നു. പിന്നീട് എഴുന്നേറ്റിരുന്ന് ജപ സാധനകൾ പൂർത്തിയാക്കി. കമ്പിളി മാറ്റിയാൽ കിടുകിടെ വിറയ്‌ക്കുന്ന തണുപ്പ്. (തലേന്ന് രാത്രി 9 ഡിഗ്രിയായിരുന്നു.) വെള്ളത്തിന്റെ കുപ്പി കമ്പിളിയ്‌ക്കിടയിൽ ശരീരത്തോട് ചേർത്തുവച്ചാണ് കിടന്നിരുന്നത്. യാത്രയിൽ നിന്നും പഠിച്ച പ്രായോഗിക പാഠം കൊണ്ട് അധികം തണുപ്പില്ലാത്ത വെള്ളം കുടിക്കാനായി. പ്രാഥമിക കാര്യങ്ങൾക്കൊന്നും പോകാതെ ജപ സാധനകൾക്കായി കിടക്കയിൽ തന്നെ ഇരുന്നു. സഹയാത്രികർ എഴുന്നേറ്റ് തുടങ്ങി. പെട്ടെന്ന് തയ്യാറാകാൻ എല്ലാവരോടും പറഞ്ഞു. ഹെലികോപ്ടറിൽ പോകേണ്ടവർ അല്പം കൂടി താമസിച്ച് എഴുന്നേറ്റാൽ മതിയെന്നു പറഞ്ഞതിനാൽ അവർ കിടന്നു. തണുപ്പു കാരണംപല്ലു തേക്കുക, കുളിക്കുക ഒക്കെ പ്രായോഗികമല്ലെന്നു മാത്രമല്ല പൊതു ശൗചാലയത്തിൽ വലിയ തിരക്കുമാണ്.
ഇന്നർ എന്ന തെർമൽ വെയറും ജീൻസും ബനിയനും അതിനു മുകളിൽ തെർമൽവെയറും കമ്പിളി ഉടുപ്പും മങ്കി ക്യാപ്പും ധരിച്ചാണ് കിടന്നത്. രാവിലെ അതിനു മുകളിൽ കോട്ടും കൂടി ധരിച്ചു. കോട്ടൺ സോക്സും, അതിനു മുകളിൽ വൂളൻ സോക്സും ഷൂവും ആങ്കിൾ സപ്പോർട്ടഡ് ഷൂവും, കയ്യിൽ ഗ്ലൗസും ധരിച്ചതോടെ വസ്ത്രത്തിന്റെ ഭാരം തന്നെ 5 കിലോയിലധിക മുണ്ടായിട്ടുണ്ടാകും. ശൂന്യാകാശ സഞ്ചാരിയെ അനുസ്മരിക്കും വിധം വസ്ത്രം ധരിച്ച ഞങ്ങൾ പരസ്പരം തിരിച്ചറിയാനായി ചില അടയാളങ്ങൾ കണ്ടു വച്ചു. ഞാനും ബാലൻ ചേട്ടനും വെള്ള വട്ടത്തൊപ്പി വച്ചിട്ടുണ്ട്. വൈശാഖിന്റെ തിളങ്ങുന്ന കോട്ടും ബാക്ക് പാക്കിന്റെ നിറവും ശ്രീജേഷിന്റെ തോൾ ബാഗും വട്ടത്തൊപ്പിയുമൊക്കെ ശ്രദ്ധിച്ച് മനസ്സിലുറപ്പിച്ചു. ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുമ്പോഴും ഞങ്ങൾ നാലു പേർ (ഞാനും, ബാലൻ ചേട്ടനും, ശ്രീജേഷും, വൈശാഖും) ഒന്നിച്ചു നിൽക്കാൻ പാടുപെട്ടു.
വലിയ ആൾക്കൂട്ടങ്ങളിൽ പെടുമ്പോളാണ് നമുക്ക് നമ്മുടെ ഐഡൻ്റിറ്റി നഷ്ടപ്പെടുക. ഞാൻ എത്ര വലിയ ആളായാലും ആരാലും ശ്രദ്ധിക്കപ്പെടാത്കും. തിരക്കിൽ സ്വന്തം തടി രക്ഷിക്കാൻ പാടുപെടുന്ന കൃമിയായി നാം മാറുമ്പോഴാണ് നാം എത്ര ചെറുതാണെന്ന് നമുക്ക് ബോദ്ധ്യപ്പെടുക. ആൾ ബഹളത്തിനിടയിലൂടെ വലിയ ഒരു ക്യൂവിന്റെ വാലന്വേഷിച്ചു നടക്കുകയാണ്. ഇതിനിടയിൽ എന്റെ ജീൻസ് താഴേക്ക് ഊർന്നു പോകാൻ തുടങ്ങി. നല്ല വണ്ണമുണ്ടായിരുന്ന കാലത്ത് അണിഞ്ഞിരുന്ന ജീൻസിനെ അരയിൽ ഉറപ്പിക്കാനുള്ള ബൽറ്റ് കയ്യിൽ കരുതിയിട്ടില്ല. പല കടകളിലും ബൽറ്റ് അന്വേഷിച്ചു കിട്ടാനില്ല. രണ്ടു ഷൂലേസ് എങ്കിലും കിട്ടിയിരുന്നെങ്കിൽ കെട്ടിവയ്‌ക്കാമായിരുന്നു എന്നു കരുതി ആ വഴിക്കും ശ്രമം നടത്തി നോക്കി. പാതയുടെ ഇരുവശവുമുള്ള കടകളിൽ തിരക്കിയും ഭണ്ഡാരകളിലെ തിരക്ക് കണ്ടും ആൾക്കൂട്ടത്തിലൂടെ മുന്നോട്ട് നീങ്ങുകയാണ്. ബട്ടൻസില്ലാത്ത ട്രൗസർ വലിച്ചു കയറ്റുന്ന പഴയ സ്ക്കൂൾ കുട്ടിയെ അനുസ്മരിക്കും വിധം വിഷമിച്ച് മുന്നേറുന്ന എന്റെ സ്ഥിതിയിൽ കഷ്ടം തോന്നിയ സഹയാത്രികൾ ഒരു കടയിൽ കയറി ഇരന്നു വാങ്ങിയ ഒരു കഷണം പ്ലാസ്റ്റിക്കു കൊണ്ട് ജീൻസിനെ അരയിൽ കെട്ടി ഉറപ്പിച്ചു. ഏതോ ഒരു സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം ഉടുപ്പുയർത്തുമ്പോൾ കയർ കെട്ടി പാൻ്റ് ഉറപ്പിച്ചിരിക്കുന്ന കാഴ്ച കണ്ട് പൊട്ടിച്ചിരിച്ചതോർത്ത് ഞാൻ മനസ്സിൽ ചിരിച്ചു.
അത്രയുമായതോടെ അസാമാന്യ തിരക്കിൽ മുന്നോട്ടുള്ള യാത്ര കുറച്ചു കൂടി എളുപ്പമായി.
തലേന്ന് അമർനാഥ്ദർശനം കഴിഞ്ഞ് തിരിച്ച് നടന്നു വരുന്നവരും കുതിരപ്പുറത്ത് വരുന്നവരും ഇന്ന് മല നടന്നു കയറാൻ പോകുന്നവരും കുതിരപ്പുറത്തു പോകുന്നവരുമടങ്ങിയ വലിയ പുരുഷാരം ഉറക്കെ സംസാരിച്ചും ബംബം ബോലെ, ജയ് ഭോലേ നാഥ്, ഹർഹർ മഹാദേവ് എന്നുറക്കെ വിളിച്ചും നീങ്ങുന്ന ജനസാഗരത്തിൽ അസ്ഥിത്വം നഷ്ടപ്പെട്ട്, തിരമാലയിൽപ്പെട്ട പൊങ്ങുതടി പോലെ, എങ്ങോട്ടോ നീങ്ങുകയാണ്. ഒരു വലിയ ക്യൂവിന്റെ വാലറ്റത്ത് ഞങ്ങളും അവസാന കണ്ണിയായി. വിസിലടിച്ച് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള വിഫലശ്രമത്തിലാണ് പട്ടാളക്കാരും ജമ്മു കാശ്മീർ പോലീസുകാരും. ക്യൂവിൽ നിന്ന ശേഷം ക്യൂവിന് ചലനമില്ലന്ന് മനസ്സിലായി. 4.30-ന് മാത്രമേ കടത്തിവിടുകയുള്ളു എന്നാണ് പറയുന്നത്. സ്ത്രീകൾക്ക് പ്രത്യേക ക്യൂ ഉള്ളതിനാലാകാം അവരെ മാത്രം കടത്തിവിടുന്നുണ്ട്. ക്യൂവിന്റെ ഇടയ്‌ക്ക് കയറാൻ ശ്രമിക്കുന്നവരെ പട്ടാളക്കാർ പുറകിലേക്ക് പറഞ്ഞു വിടുന്നുണ്ട്. യാത്ര കഴിഞ്ഞു വരുന്നവരോട് ക്യൂവിന്റെ നീളമെവിടെ വരെയുണ്ടെന്നു തിരക്കി. 3 കി.മി എന്ന മറുപടി ഞങ്ങളെ ഹതാശയരാക്കി. അവിടെച്ചെല്ലുമ്പോൾ പഹൽഗാം വഴി പോകേണ്ട വൈശാഖ് ഒഴികെയുള്ള വരെ തിരിച്ചു വിടുമോ എന്ന ആശങ്കയുമുണ്ട്. വൈശാഖാണെങ്കിൽ എന്നാേടൊപ്പം യാത്ര ചെയ്യുന്നതിന്റെ ത്രില്ലിലുമാണ്. കുറച്ചു നേരമായപ്പോൾ തൂത്തുവാരിയിട്ടും കുതിരച്ചാണകപ്പൊടി പൂർണ്ണമായും പോകാത്ത കോൺക്രീറ്റ് ടൈൽ പാകിയ റോഡിൽ യാതൊരു മടിയും കൂടാതെ ഇരുന്നു. എല്ലാ വൃത്തിയും മാറ്റി വയ്‌ക്കേണ്ടി വരുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ചിലർക്ക് പ്രകൃതിയുടെ വിളി വന്നു. വഴിയരികിലൊക്കെ താല്ക്കാലിക ശുചി മുറികളുണ്ട്. ബാഗ് ഞങ്ങളെ ഏല്പിച്ച് അവർ അവിടേക്ക് പോയി വന്നു. ഇടതു വശത്തെ മലയുടെ ചരിവിൽ ഉറക്കം തൂങ്ങി നിൽക്കുന്ന കുതിരകളും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്ന കുതിരക്കാരേയും കാണാം.
നാലര മണിയായിക്കാണണം ക്യൂ പതുക്കെ ചലിച്ചു തുടങ്ങിയതോടെ ഒട്ടാശ്വാസമായി. പക്ഷേ ഒച്ചിഴയും പോലെയുള്ള ഈ നീക്കം എത്ര നേരമുണ്ടാകുമെന്നാലോചിച്ച് നിൽക്കെ വലിയൊരു പുരുഷാരം ബംബം ബോലെ വിളികളുമായി മലവെള്ളപ്പാച്ചിൽ പോലെയെത്തി. ഞങ്ങളുടെ ക്യൂ മുറിയാതിരിക്കാൻ തോളിൽപ്പിടിച്ചൊക്കെ നിന്നെങ്കിലും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന കുറ്റിച്ചെടി പോലെ ഞങ്ങൾ ഛിന്നഭിന്നമായിപ്പോയി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് സ്ഥിതിയെന്ന് ഈ വർഷം യാത്ര ചെയ്ത ശ്രീജിത്ത് (പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലൊന്നായ തൃച്ചിച്ചാറ്റ് ക്ഷേത്രത്തിലെ പൂജാരി) പറഞ്ഞത് ബോദ്ധ്യപ്പെട്ടു. ഓടി വന്ന സി.ആർ. പി.എഫ് – കാർ സിംഗിൾ ലൈൻ ആക്കാൻ നടത്തിയ ശ്രമത്തിൽ ഞങ്ങൾ വീണ്ടും ബഹുദൂരം പിന്നിലായി. എന്തു വന്നാലും സഹിക്കാൻ തയ്യാറായി വന്നവർ എന്ന നിലയിൽ ഞങ്ങൾ പരാതിയില്ലാതെ നിന്നു കൊടുത്തു.
പട്ടാളക്കാർ സൃഷ്ടിച്ച മനുഷ്യ മതിൽ കൊണ്ടുംവടികൾ കൊണ്ടും വീണ്ടും സിംഗിൾ ലൈൻ രൂപപ്പെട്ടു. ആ ലൈൻ ഇരുമ്പു വേലിയിലേക്ക് കടക്കും മുമ്പ് വനിതകളെ വേർ തിരിച്ച് പ്രത്യേകമാക്കി. ഇരുകൂട്ടരുടെയും ബാഗുകൾ എക്സ്റേ പരിശോധനയ്‌ക്ക് വിട്ട ശേഷം ശരീരപരിശോധന നടത്തി. പരിശോധന കഴിഞ്ഞ ബാഗുമെടുത്ത് ഇരുമ്പു വേലിയിലൂടെ നടന്നു തുടങ്ങി. സിഗ്സാഗ് – ആയി നീങ്ങത്തക്ക വിധമാണ് വേലിയുടെ ഉള്ളിലെ ക്രമീകരണം. പുറത്തെ ബാഗുമായി ഇങ്ങനെ നടക്കുക കുറച്ച് ബുദ്ധിമുട്ടാണ്.
കഴുത്തിൽ തൂക്കിയ കാർഡും പെർമിറ്റും പരിശോധിക്കുന്ന സ്ഥലത്തേക്കാണ് ഇരുമ്പു വേലി എത്തിച്ചേർന്നത്. പെർമിറ്റ്, ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ എന്നിവ കയ്യിലെടുത്ത് പിടിച്ച് പരിശോധകരുടെ അടുത്തെത്തി. ചിലരുടെ പെർമിറ്റ് വാങ്ങി ഒരറ്റം കീറി ബാക്കി കയ്യിൽ കൊടുത്തും കാർഡ് ഉണ്ടോ എന്നു പോലും നോക്കാതെയും മറ്റുമുള്ള പരിശോധന ഒരു വകയായിരുന്നു. വീണ്ടും ആൾക്കൂട്ടത്തിലേക്ക് എത്തിപ്പെട്ടെങ്കിലും ഞങ്ങൾ യാത്ര ഉറപ്പാക്കിയതിന്റെ ആശ്വാസത്തിലാണ്. കുതിരപ്പുറത്ത് യാത്ര ചെയ്യുന്നവർ ഒരു വശത്തായും കാൽനടക്കാർ (പൈതൽ യാത്രീസ്) മറ്റൊരു വശത്തായും ക്രമീകരിച്ച് യാത്ര ക്രമപ്പെടുത്തുവാൻ പട്ടാളം വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. എൻ ആകൃതിയിൽ മുകളിലേക്കുള്ള ക്യൂ കാണപ്പെട്ടു. പ്രഭാത സൂര്യന്റെ വെളിച്ചം വൈദ്യുത വിളക്കുകളെ നാണിപ്പിച്ചു തുടങ്ങിയിരിക്കുന്നു. മലമുകളിൽ അണിനിരന്നവർ മുന്നോട്ട് നീങ്ങുമ്പോഴും തലേന്ന് കയറിയവർ പെട്ടു പിഴച്ച് വരുന്നുണ്ട്.
ഞങ്ങൾ മലകയറിത്തുടങ്ങും മുമ്പ് തിരക്കിന്റെ ചില ചിത്രങ്ങളും വീഡിയോകളും പകർത്തി. തിരക്കിനിടയിൽ ഫോട്ടോ എടുക്കുന്നതിൽ വഴക്കു പറഞ്ഞും ഒരു പട്ടാളക്കാരൻ വിസിലടിച്ചു കൊണ്ട് ഓടി നടക്കുന്നു. ഹിമാലയ യാത്രയിൽ സാധാരണ സംഭവിക്കും പോലെ (നിന്നാൽ തണുക്കും നടന്നാൽ വിയർക്കും)
മല കയറിത്തുടങ്ങിയതോടെ വിയർക്കാൻ തുടങ്ങി. തണുപ്പിനെ ചെറുക്കാൻ ധരിച്ച വസ്ത്രങ്ങൾ അഴിച്ച് ബാക്ക് പാക്കിൽ വച്ചു. (എന്റെ വസ്ത്രങ്ങൾ ഒന്നാന്തരമാണെങ്കിലും (പട്ടാളത്തിന്റെയാണ്) അത് ഒത്തിരി സ്ഥലം അപഹരിക്കുന്നതാണ്. അതിനാൽ എന്റെ ബാഗിന്റെ വലുപ്പം കൂടുതലാണ്. ശ്രീജേഷ് ബാഗ് എടുക്കാത്തതിനാൽ കോട്ട് ഊരി വയ്‌ക്കാനാവില്ല. ബട്ടൻസും സിബ്ബും തുറന്നിട്ട് ചൂട് കുറയ്‌ക്കാൻ പറഞ്ഞ് ഞങ്ങൾ മലയറുമ്പോൾ സമയം രാവിലെ ആറേകാൽ മണിയായിട്ടുണ്ടാകും. ഏതാനും എൻ ക്ഷേപ്പ്ഡ് വഴികൾ പിന്നിട്ടതോടെ നല്ല ഒരു ഇറക്കം ആരംഭിച്ചു. തിരിച്ചു വരുമ്പോൾ ഈ ഇറക്കം കയറേണ്ടി വരുമെന്ന് ഓർത്ത് വേണം ഇറങ്ങാനെന്ന് സഹയാത്രികരെ ഞാൻ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. വീണ്ടും മലകയറ്റമാണ്. ആ പാത അവസാനിച്ചത് മഞ്ഞുരുകി വെള്ളം വരുന്ന ഒരു വെള്ളച്ചാട്ടത്തിനരുകിലാണ്. കുതിരക്കാർ കുതിരകളെ ഇറക്കി മതിയാവോളം വെള്ളം കുടിപ്പിക്കുന്നുണ്ട്. പലരും സെൽഫിയെടുക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഒരു ചെറിയ വീഡിയോ എടുത്ത ശേഷം യാത്ര തുടർന്നു.
പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിച്ചിട്ടില്ലാത്തതിനാൽ അതിനു സൗകര്യമുണ്ടോ എന്നായി അന്വേഷണം. ദിശാ സൂചികൾ നോക്കിയതിൽ നിന്നും തൊട്ടടുത്ത് അതിനു സൗകര്യമുണ്ടെന്ന് മനസ്സിലായി. ചെറിയൊരു ചായ വില്പന കേന്ദ്രവും അതിനടുത്തായി രണ്ട് ഫൈബറിൽ നിർമ്മിച്ച ശുചി മുറികളുമുണ്ട്. ഇതിനിടയിൽ ഞാനും ബാലൻ ചേട്ടനും അല്പം മുമ്പിലായിപ്പാേയിരുന്നു.കൃത്യനിർവ്വഹണം കഴിഞ്ഞപ്പോഴേക്കും വൈശാഖും ശ്രീജേഷുമെത്തി. ഇതിനിടയിൽ ഞാൻ അരയിൽ കെട്ടിയുറപ്പിച്ച ജീൻസും വൂളൻ സോക്സും ഊരി മാറ്റി ബാഗിൽ വച്ചു. അവരെല്ലാം ഓരോ ചായയും കുടിച്ച് യാത്ര തുടർന്നു.
12 കി.മീറ്റർ കയറിയാൽ മതി എന്ന ബോർഡു കണ്ടു. ഈ യാത്രാ വഴികളിൽ കാണുന്ന ബോർഡുകളെ വിശ്വസിക്കാനാവില്ല. നടക്കുന്തോറും നീളം കൂടുന്ന വഴിയാണിതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറെ നടന്നു ചെല്ലുമ്പോൾ ഒരു ഭണ്ഡാര കണ്ടു. ഞാൻ വെളിയിലിരുന്നു. മറ്റു 3 പേരും ഉള്ളിൽക്കയറി ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതിനാൽ ഞാനും ഭണ്ഡാര എന്ന സൗജന്യ ഭക്ഷണശാലയ്‌ക്കുള്ളിലേക്ക് പ്രവേശിച്ചു. എന്റെ സഹയാത്രികർ ഭക്ഷണം കഴിച്ച ശേഷം കസേരയിൽ പാതി മയക്കത്തിലാണ്. വൈശാഖ് എന്നോട് ദോശയും ഇഡ്ഢലിയുമുണ്ടെന്നും കഴിക്കാനും പറഞ്ഞു. കഴുകി വച്ചിരിക്കുന്ന ഒരു പാത്രവുമെടുത്ത് ദോശ ചുടുന്ന ആളിന്റെ അടുത്തെത്തി. ചുട്ടുപഴുത്ത വലിയ ദോശയ്‌ക്കല്ലിലേക്ക് വെള്ളമോ എണ്ണ കലർന്ന വെള്ളമോ കുടഞ്ഞ് ബ്രഷ് കൊണ്ട് കല്ലിലാകെ പുരട്ടിയ ശേഷം ഒരു ചെറിയ പാത്രത്തിൽ മാവെടുത്ത് ദീർഘവൃത്താകൃതിയിൽ കല്ലിൽ തേച്ചു പിടിപ്പിച്ചു. (നാം സാധാരണ കാണുന്ന ദോശമാവിനേക്കാൾ കട്ടിയുണ്ട്.) അങ്ങനെ നാലെണ്ണം ഉണ്ടാക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ നിന്നും ചട്ടുകം കൊണ്ട് ഓരോന്നിലും എണ്ണ കോരി ഒഴിച്ചു. പിന്നെ മസാല ചേർത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങ് കുറേശ്ശേയായി ഓരോന്നിലും വച്ച ശേഷം ദോശയിലാകെ തേച്ചുപിടിപ്പിച്ചു. ഉരുളക്കിഴങ്ങു കഷണങ്ങൾ ഉടച്ച് തേക്കുകയാണ്. പരസ്പരം ചേർന്ന് നിൽക്കുന്ന ദോശകളെ ചട്ടുകം കൊണ്ട് മുറിച്ച് വേർപെടുത്തി നീളത്തിൽ മടക്കിയ ശേഷം ഓരോന്നും മൂന്നായി മുറിച്ച് ഒരു കഷണം എനിക്കു തന്നു. സാമ്പാറും ചമ്മന്തിയും ഒരു ഇഡ്ഢലിയും വാങ്ങി ഞാൻ കഴിച്ചു.
യാത്ര തുടരുമ്പോഴാണ് ഹെലികോപ്റ്ററിൽ പോകാൻ വേണ്ടി പോയ ശങ്കരൻ നമ്പൂതിരിയുടെ ഫോൺ വിളി വരുന്നത്. (ഇദ്ദേഹം ഫോൺ ഉള്ളയാളല്ല. കൂടെയുള്ള സന്തോഷിന്റെ ഫോണിൽ നിന്നാണ് വിളി. സന്തോഷിനും സ്മാർട് ഫോണില്ല.) ഹെലികോപ്ടർ യാത്രയ്‌ക്ക് എന്തോ തടസ്സമെന്നാണ് പറയുന്നത്. നെറ്റ് വർക്ക് പ്രശ്നം കാരണം ശരിക്കും കേൾക്കാനാവുന്നില്ല. ഞങ്ങൾ ആകെ വിഷമിച്ചു. ഇനി തിരിച്ചു പോകാനോ എന്തെങ്കിലും ചെയ്യാനോ ആവില്ല.
മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. വഴി അനന്തമായി നീളുകയാണ്. നടന്നാലും നടന്നാലും തീരാത്ത വഴിയാണിതെന്ന് തോന്നുന്നത് ഈ യാത്രയുടെ പ്രത്യേകത. ഇപ്പോൾ വഴിയിൽ തിരക്ക് കൂടിയിരിക്കുന്നു. അങ്ങോട്ടു പോകുന്ന യാത്രികരും അവരുടെ കുതിരകളും കുതിരക്കാരും തിരികെ വരുന്ന യാത്രികരും അവരുടെ കുതിരകളും കുതിരക്കാരും എല്ലാം കൂടി ഇടുങ്ങിയ വഴിയിലൂടെ തിക്കിത്തിരക്കി നീങ്ങുമ്പോൾ ഓരോ ചുവടും മുന്നോട്ട് വയ്‌ക്കാൻ പാടുപെടുകയാണ്. ഉദ്ദേശിച്ച സമയത്തൊന്നും ദർശനം നടക്കില്ലെന്നു ബോദ്ധ്യമായി. ഉറുമ്പിഴയുന്ന വേഗതയിലേ കയറാനാവുന്നുള്ളു.
ഇവിടെയെല്ലാം കല്ലെറിയുന്ന പർവ്വതങ്ങളുണ്ട്. എന്നു പറഞ്ഞാൽ വളരെ ലൂസായ മണ്ണും മണ്ണിൽ ഒളിച്ചിരിക്കുന്ന കല്ലുകളും ഏത് നിമിഷവും വഴിയിലേക്ക് പതിക്കാം. അതു തടയാനായി ചതുരാകൃതിയിൽ കമ്പി വലയുണ്ടാക്കി പച്ച നിറത്തിൽ ക്യാൻവാസ് പോലെ എന്തോ കൊണ്ട് സൈഡ് മറച്ച് മണ്ണു നിറച്ച് നിരനിരയായി അടുക്കി വച്ചിട്ടുണ്ട്. അതിനും മുകളിൽ അഞ്ചാറടി ഉയരത്തിൽ കമ്പി വല കെട്ടിയിട്ടുണ്ട്. പലയിടത്തും കല്ലു വീണ് അതും തകർന്നതും കാണാം. കല്ലു വീഴുന്ന സ്ഥലമാണ് അവിടെ നിൽക്കരുത് എന്നു കാണിക്കുന്ന സൂചന ബോർഡുകളുമുണ്ട്. മലയുടെ പള്ളയിലൂടെ നിർമ്മിച്ച ഈ പാതയിലെല്ലാം കല്ലുകൾ വീണു കിടപ്പുണ്ട്. നടന്നു പരിശീലനം നേടിയവർക്കു പോലും ബുദ്ധിമുട്ടുണ്ടാക്കുന്നത് വിവിധ ആകൃതിയിലുള്ള കൽക്കൂട്ടങ്ങളാണ്. തിരക്കിനിടയിൽ കാലു തെറ്റിയാൽ കാൽക്കുഴയ്‌ക്ക് പരിക്കു പറ്റുമെന്നതിനാലാണ് ട്രക്കിംഗ് ഷൂ ഉപയോഗിക്കണമെന്ന് പറയുന്നത്.
മുകളിലേക്ക് കയറുന്തോറും ഓക്സിജന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. കുതിരച്ചാണകം കലർന്ന പൊടി ഉയർന്നു പൊങ്ങുന്നതിനാൽ ഞാൻ മാസ്ക് ധരിച്ചിരുന്നു. ജമ്മുവിലെ താമസത്തിനിടയിൽ കൂടെ മുറിയിൽ താമസിച്ച ഒരാൾക്ക് എ സി നന്നായി കൂട്ടി ഇടേണ്ടത് അത്യാവശ്യമായതിനാൽ എനിക്കനുഭവപ്പെട്ട മൂക്കടപ്പും കുറച്ച് ബുദ്ധിമുട്ടുണ്ടാക്കി. മൂക്ക് ചീറ്റിച്ചീറ്റി വേദനയെടുക്കുന്നുണ്ട്. തോളിലണിഞ്ഞ കാവി ഷാൾ മൂക്ക് തുടച്ച് വൃത്തികേടായിരിക്കുന്നു. ബാലൻ ചേട്ടന് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് നേരിടുന്നതായി പറയുന്നു. കുറച്ചു കൂടി മുകളിലേക്ക് കയറിയിട്ട് സൗകര്യമായി ഒന്ന് ഇരുന്നിട്ട് നാേക്കാം എന്നു ഞാൻ പറഞ്ഞു.
അദ്ദേഹം എന്നോടൊപ്പം ചാർധാം യാത്രയിലും മറ്റും പങ്കെടുത്തിട്ടുള്ളയാളാണ്. അന്ന് കേദാർനാഥ് കയറുമ്പോൾ ഞങ്ങളുടെ ഗ്രൂപ്പ് ലീഡർ പറഞ്ഞതനുസരിച്ച് കുതിരയെ വാടകയ്‌ക്ക് എടുത്തിരുന്നുവെങ്കിലും ഞങ്ങൾ നടന്നു തന്നെയാണ് കയറിയിട്ടുള്ളത്. കുംഭമേളയുൾപ്പടെ നിരവധി യാത്രകളിലെ സഹചാരിയായ ആൾക്കാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കുന്നത്.
സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം കണ്ടു പിടിച്ച് അദ്ദേഹത്തെ ഇരുത്തിയ ശേഷം കാൽമുട്ടിനു മുകളിൽ വേദനയുള്ള ഭാഗത്ത് നന്നായി മസാജ് ചെയ്തപ്പോൾ ഉറക്കെ നിലവിളിച്ചു. (യാത്രകളിൽ പലപ്പോഴും ഈ നിലവിളി എനിക്ക് സുപരിചിതമാണ്.) കാലിന്റെ പ്രശ്നം പരിഹരിച്ച് യാത്ര തുടരുമ്പോഴുണ്ട് ശ്രീജേഷ് കാൽ വേദന കാരണം വിഷമിക്കുന്നത് കാണുന്നത്.
ഞാൻ പറഞ്ഞ പ്രകാരമുള്ള ഷൂ വാങ്ങി ധരിച്ച് ദിവസം 10 കി.മി നടന്നു പരിശീലിച്ചയാളാണ്. അവിവാഹിതനും കരുത്തനുമായ ഈ പ്രൗഢഗംഭീരനായ 42കാരന്റെ മുഖത്തു നിന്നും അനുഭവിക്കുന്ന വേദനയുടെ കാഠിന്യം മനസ്സിലാക്കാവുന്നതാണ്. സൗകര്യമായി ഒന്നിരിക്കുവാൻ പോലും പറ്റാത്ത സ്ഥലമാണ്. ഏതായാലും തറയിലിരുത്തി കാലിന്റെ തുടഭാഗം മസാജ് ചെയ്യാൻ തുടങ്ങി. ഇന്നർ എന്ന തെർമൽ വെയറും മുകളിൽ ജീൻസും ധരിച്ചിരിക്കയാൽ എന്റെ വിരലുകൾ കൃത്യമായ പ്രഷർ പോയൻ്റുകളിൽ എത്തുന്നില്ല എനിക്ക് മനസ്സിലായി. ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു നിന്നു. എന്റെ വലതു കാൽ ഉയർത്തി വച്ച് കാലിനു മുകളിലേക്ക് ശ്രീജേഷിന്റെ കാൽ കയറ്റി വച്ച് മസാജിങ്ങ് തുടർന്നു. നല്ല ഭാരമുള്ള രണ്ടു കാലുകളും മസാജ് ചെയ്തതോടെ ഞാൻ നന്നായി വിയർത്തു. തുടർന്ന് നടക്കാനും വേദന മാറുമെന്നും ആശ്വസിപ്പിച്ച് മുന്നോട്ടു നീങ്ങുമ്പോഴും ശ്രീജേഷിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നി. തീരെ വയ്യാത്ത പക്ഷം കുതിരയെ വാടകയ്‌ക്ക് എടുക്കാൻ നിർദ്ദേശിച്ചു. കുതിരക്കാരാകട്ടെ വലിയ ചാർജ്ജാണ് ചോദിക്കുന്നത്. അതാകട്ടെ പഞ്ച തരണി വരെ പോകാൻ മാത്രമാണ്. അവിടെ നിന്നും പോകാൻ പിന്നെയും കുതിരയെ വാടകയ്‌ക്ക് എടുക്കണമെന്നതിനാൽ ആ പരിപാടി ഉപേക്ഷിച്ചു. പതുക്കെപ്പതുക്കെ നടക്കാൻ നിർദ്ദേശിച്ചു. മെഡിക്കൽ എയ്ഡ് ലഭിക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ ഓക്സിജൻ വേണ്ടവർക്ക് കൊടുക്കാനുള്ള സംവിധാനം മാത്രമേയുള്ളുവെന്നറിഞ്ഞു. കുറച്ചു കൂടി മുകളിൽച്ചെന്നാൽ മരുന്നു ലഭിക്കുമെന്നും അവർ പറഞ്ഞു.
വഴിയിൽക്കണ്ട ഒരു ഭണ്ഡാരയിൽ കയറി അല്പം ചോറും തൈരും റൊട്ടിയും, ദലിയ കൊണ്ടുള്ള അല്പം പായസവും കഴിച്ചു. കയ്യിൽക്കരുതിയിരുന്ന കുപ്പിയിൽ വെള്ളവും ശേഖരിച്ചു. ഹിമാലയത്തിലെ നീരൊഴുക്കിൽ നിന്ന് നേരിട്ട് ഘടിപ്പിച്ചിരിക്കുന്ന പൈപ്പ് ആയതിനാൽ മോട്ടർ ഒന്നും വേണ്ട. വെള്ളത്തിന് നല്ല തണുപ്പാണ്. വേദന കുറഞ്ഞതു കൊണ്ടാകണം രണ്ടു കാലും നിരക്കി നടന്നിരുന്ന ശ്രീജേഷ് ഇപ്പോൾ അല്പം മുന്നിലായി വൈശാഖിനൊപ്പം നടക്കുകയാണ്. എന്നാൽ പകുതി വഴി പോലുമാകാത്തതിനാ ന കുതിരയെ എടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. മുകളിലേക്ക് നോക്കിയാൽ അന്തമില്ലാതെ നീളുന്ന വഴിയിൽ ഉറുമ്പു കണക്കെ മനുഷ്യരുടെയും കുതിരകളുടെയും നീണ്ട നിര കാണാം. ഒരു വളവിൽ അവസാനിക്കുന്ന അവിടെ എത്തിയാൽ ആദ്യം കണ്ട ദൃശ്യം വീണ്ടും കാണാം. സഹയാത്രികരുടെ മനസ്സ് എനിക്ക് വായിക്കാനാകുന്നുണ്ട്. എന്റെ സഹയാത്രികരിൽ പലരും കൈലാസ് യാത്ര ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെയുള്ള വഴികളിലൂടെ 13 ദിവസം നടന്നാണ് കൈലാസയാത്ര പൂർത്തിയാക്കുന്നതെന്ന് പറഞ്ഞപ്പോൾ എന്നാൽപ്പിന്നെ കൈലാസ് യാത്ര പോകുന്നില്ലെന്ന് അവർ പറയുകയുണ്ടായി. ഈ വഴി യാത്ര ചെയ്തിട്ടില്ലാത്തവർക്ക് ഒരിക്കലും ഈ വഴിയുടെ കാഠിന്യം മനസ്സിലാകില്ല.
മൊബൈലിന് റേഞ്ചുള്ള ഭാഗത്തെത്തിയപ്പോൾ ഹെലികോപ്ടറിൽ വരാൻ പോയവരെ വിളിച്ചു. അവർ ഹെലികോപ്റ്റർ ലഭിക്കാത്തതിൽ നിരാശരായി ഇരിക്കുകയാണെന്നു മനസ്സിലായി. എന്റെ സുഹൃത്തുക്കളായ ചില മിലിട്ടറി ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചു. ഇതിനിടയിൽ പ്രീതി ഹതാശയായി കുതിരപ്പുറത്ത് യാത്ര ചെയ്യാൻ വേണ്ടി മടങ്ങിപ്പോയതായും അറിഞ്ഞു. ഹെലിപ്പാഡിനു സമീപം വിശ്രമിക്കുവാൻ പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു.
തുടരും…..
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
















Comments