ന്യൂഡല്‍ഹി: സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘മിത്തിനെ മുത്താക്കാൻ’ എന്തിനാണ് ഷംസീറേ ലക്ഷങ്ങളെന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും വി. മുരളീധരന്‍ ചോദിച്ചു. ഹിന്ദുവിരുദ്ധ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം തെരുവിലാണ്. ഈ സമയത്തുള്ള കുളം കലക്കുന്ന സമീപനവും അവസരവാദ നാടകവും സിപിഎം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
“സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി. “മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!.
ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?
ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്‌ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും.
സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.- എന്നാണ് കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
അതേസമയം ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിയ്‌ക്കുകയും വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കുന്നതുമാണ് സിപിഎം നയമെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായാണ് സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ചത്. സ്പീക്കര്‍ തന്നെയായിരുന്നു സമൂഹിക മാദ്ധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
Comments